തിരുവനന്തപുരം: ഓട്ടോ-ടാക്സി നിരക്ക് പുതുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് നവംബർ 12ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി യൂണിയൻ.
നവംബർ 11ന് അർധരാത്രി ആരംഭിക്കുന്ന പണിമുടക്ക് 12ന് അർധരാത്രി വരെ നീളും. ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കുന്നതട ക്കമുള്ള വിവിധ ആവശ്യങ്ങൾ മുന്നോട്ടുവെച്ചുകൊണ്ടാണ് തൊഴിലാളികൾ രംഗത്തെത്തുന്നത്.
ഓട്ടോ ടാക്സി മിനിമം നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ പ്രധാന ആവശ്യം. ഇന്ധനവിലയിലും ഇൻഷുറൻസ് പ്രീമിയത്തിലും ഉൾപ്പെടെ തുടർച്ചയായി വർധനയുണ്ടായിട്ടും യാത്രാനിരക്കിൽ ആവശ്യമായ മാറ്റം വരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ പരാതി.
കഴിഞ്ഞ നാലര വർഷത്തിനിടെ 16 തവണയാണ് ഇന്ധനവില വർധിച്ചതെന്ന് തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങളുടെ ഇൻഷുറൻസ് പ്രീമിയവും മറ്റ് ചെലവുകളും ഉയർന്നിട്ടുണ്ട്. എന്നാൽ നിലവിലെ വരുമാനം കൊണ്ട് കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് തൊഴിലാളികൾ നേരിടുന്നതെന്നും യൂണിയനുകൾ വ്യക്തമാക്കി.
