കോട്ടയം : നെൽകർഷകർക്ക് കിലോഗ്രാമിന് 35 രൂപ താങ്ങുവില ഉറപ്പാക്കുമെന്ന യു.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം നടപ്പാകാത്തതിൽ കർഷകർക്ക് നിരാശ.
നിലവിലെ 30.72 രൂപയിൽ നിന്ന് അഞ്ച് രൂപ വർധിപ്പിച്ച് നെല്ലിന്റെ സംഭരണവില 35 രൂപയാക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ച വർധന കേവലം 28 പൈസ മാത്രമാണ്. ഇതോടെ സംഭരണവില 31 രൂപയിലെത്തുമെങ്കിലും കൃഷിച്ചെലവുകൾ കണക്കിലെടുക്കുമ്പോൾ ഈ തുകകൊണ്ട് പിടിച്ചുനിൽക്കാനാവില്ലെന്നാണ് കർഷകരുടെ പരാതി.
നിലവിൽ കേന്ദ്രത്തിന്റെ താങ്ങുവിലയായ 24.10 രൂപയും സംസ്ഥാന സർക്കാരിന്റെ 6.31 രൂപ പ്രോത്സാഹന ബോണസും ചേർന്നാണ് കിലോഗ്രാമിന് 30.72 രൂപ കർഷകർക്ക് ലഭിച്ചിരുന്നത്. ഇതിലേക്ക് 28 പൈസ കൂടി ചേർക്കുമ്പോൾ ആകെ ലഭിക്കുക 31 രൂപയാണ്. ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ ഈ വില ലാഭകരമല്ലെന്നാണ് കർഷകർ ചൂണ്ടിക്കാട്ടുന്നത്.
കൃഷിക്കാവശ്യമായ വിത്ത്, വളം, കീടനാശിനി എന്നിവയുടെ വിലയിലും വലിയ വർധനയുണ്ടായിട്ടുണ്ട്. സബ്സിഡി വിത്തിന് കിലോഗ്രാമിന് 22 മുതൽ 25 രൂപ വരെ നൽകണം. നേരത്തെ 1100 രൂപയിൽ താഴെയായിരുന്ന ഫാക്ടംഫോസ് വളത്തിന്റെ ഒരു ചാക്കിന് ഇപ്പോൾ 1200 രൂപയ്ക്കുമുകളിലാണ് വില. 2000 രൂപയിൽ താഴെയുണ്ടായിരുന്ന കളനാശിനികൾക്ക് 400 രൂപയോളവും മറ്റ് വളങ്ങൾക്ക് 300 മുതൽ 400 രൂപ വരെയും വില വർധിച്ചു.
ഇതിനുപുറമേ സർക്കാർ നൽകിയിരുന്ന ഏക്കറിന് 400 രൂപയുടെ ബോണസും വളം സബ്സിഡിയും ഇപ്പോൾ ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. കൊയ്ത്തിനായി തമിഴ്നാട്ടിൽനിന്ന് യന്ത്രങ്ങൾ എത്തിക്കേണ്ട സാഹചര്യമാണ് പല മേഖലകളിലുമുള്ളത്. കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള കൊയ്ത്തുയന്ത്രങ്ങൾ കൃത്യമായ അറ്റകുറ്റപ്പണികളുടെ അഭാവത്തിൽ പ്രവർത്തനരഹിതമായി കിടക്കുകയാണ്. പാടശേഖരങ്ങളിലെ പുറംബണ്ടുകളും തകർന്ന നിലയിലാണ്.
കൊയ്ത്തിനുശേഷം നെല്ല് കയറ്റി അയയ്ക്കുമ്പോൾ ലഭിക്കുന്ന ഹാൻഡ്ലിങ് ചാർജിന്റെ കാര്യത്തിലും കർഷകർക്ക് പരാതിയുണ്ട്. ക്വിന്റലിന് 12 രൂപയാണ് നിലവിൽ അനുവദിക്കുന്നത്. 21 വർഷം മുമ്പ് നിശ്ചയിച്ച ഈ നിരക്ക് കാലാനുസൃതമായി വർധിപ്പിക്കണമെന്ന ആവശ്യം ഇതുവരെ പരിഗണിച്ചിട്ടില്ല.
അതേസമയം, നെല്ല് ലോഡ് ചെയ്യുന്നതിനായി കർഷകർ ക്വിന്റലിന് 175 രൂപ മുതൽ 300 രൂപ വരെ ചെലവഴിക്കേണ്ടിവരുന്നുണ്ട്. സംഭരണവിലയിലെ ചെറിയ വർധനയ്ക്കൊപ്പം കൃഷിച്ചെലവുകളും അനുബന്ധ ചെലവുകളും കുതിച്ചുയരുന്നത് നെൽകർഷകരുടെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുകയാണ്.
