കൊച്ചി: ചികിത്സാ പിഴവിനെ തുടർന്ന് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നെന്ന അബ്ദുൽ ജബ്ബാറിന്റെ പരാതിയിൽ വിശദീകരണവുമായി വടക്കൻ പറവൂർ താലൂക്ക് ആശുപത്രി.
അബ്ദുൽ ജബ്ബാറിനെ രാത്രി തന്നെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തേക്ക് റഫർ ചെയ്തിരുന്നുവെന്നാണ് ആശുപത്രി അധികൃതർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. എന്നാൽ കോട്ടയത്തേക്ക് പോകാൻ കഴിയില്ലെന്ന് അറിയിച്ച അദ്ദേഹം സ്വന്തം ഉത്തരവാദിത്തത്തിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ജൂലൈ 26ന് രാത്രി 11.45നും പുലർച്ചെ 3.30നുമാണ് അബ്ദുൽ ജബ്ബാർ ആശുപത്രിയിലെത്തിയത്. രണ്ടാമത് എത്തിയപ്പോഴാണ് കോട്ടയത്തേക്ക് റഫർ ചെയ്യാൻ നിർദേശിച്ചത്. എന്നാൽ അവിടേക്ക് പോകാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സ്വന്തം റിസ്കിൽ വീട്ടിലേക്ക് പോകുകയാണെന്ന് രേഖാമൂലം അറിയിച്ച ശേഷമാണ് മടങ്ങിയതെന്നും ആശുപത്രി അധികൃതർ പറയുന്നു.
ആശുപത്രി സൂപ്രണ്ട് തയ്യാറാക്കിയ റിപ്പോർട്ട് എറണാകുളം ഡിഎംഒയ്ക്ക് കൈമാറി. ഡിഎംഒ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് (ഡിഎച്ച്എസ്) കൈമാറിയിട്ടുണ്ട്.
അതേസമയം, ചികിത്സ വൈകിയതാണ് തന്റെ വലതുകാൽ നഷ്ടപ്പെടാൻ കാരണമായതെന്നാണ് അബ്ദുൽ ജബ്ബാറിന്റെ ആരോപണം. ജൂലൈ 26ന് രാത്രി 11 മണിയോടെ കടുത്ത കാലുവേദനയെ തുടർന്നാണ് പറവൂർ കുന്നുകര സ്വദേശിയായ 56കാരൻ താലൂക്ക് ആശുപത്രിയിലെത്തിയത്. വേദനസംഹാരി നൽകി ജൂനിയർ ഡോക്ടർമാർ മടക്കിയയച്ചെന്നാണ് പരാതി.
വേദന അസഹ്യമായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോഴും മരുന്ന് നൽകി തിരിച്ചയച്ചുവെന്നാണ് അബ്ദുൽ ജബ്ബാർ പറയുന്നത്.
പിറ്റേദിവസം സർജനെ കണ്ടപ്പോഴാണ് കാലിലേക്കുള്ള രക്തയോട്ടം നിലച്ചതായി അറിയിച്ചത്. രക്തയോട്ടം പുനഃസ്ഥാപിക്കാൻ ചികിത്സ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വലതുകാൽ മുറിച്ചുമാറ്റേണ്ടിവന്നു. രാത്രിയിൽ രണ്ടുതവണ ആശുപത്രിയിലെത്തിയിട്ടും കടുത്ത വേദനയുണ്ടെന്ന് അറിയിച്ചിട്ടും വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് അബ്ദുൽ ജബ്ബാറിന്റെ ആരോപണം.
സീനിയർ ഡോക്ടറെ വിളിക്കാനോ കൃത്യസമയത്ത് റഫർ ചെയ്യാനോ ശ്രമിച്ചില്ലെന്നും അദ്ദേഹം നേരത്തെ പരാതിപ്പെട്ടിരുന്നു.
കാൽ മുറിച്ചുമാറ്റിയതിന് പിന്നാലെ ചികിത്സാ രേഖകൾ ലഭിക്കാനായി വിവരാവകാശ അപേക്ഷ നൽകിയെങ്കിലും ആദ്യം രേഖകൾ ലഭിച്ചില്ലെന്നും അബ്ദുൽ ജബ്ബാർ ആരോപിക്കുന്നു. രണ്ടാമതും അപേക്ഷ നൽകിയപ്പോൾ ആശുപത്രി സൂപ്രണ്ട് ഇടപെട്ടതായും പരാതി ഒതുക്കിത്തീർക്കാൻ ശ്രമം നടന്നതായും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.
ഹോട്ടൽ ബിസിനസ് നടത്തിയിരുന്ന അബ്ദുൽ ജബ്ബാറിന് കാൽ നഷ്ടമായതോടെ കച്ചവടം തുടരാനാകാത്ത സാഹചര്യമാണ്. ആശുപത്രി റിപ്പോർട്ടിലെ വിശദീകരണവും രോഗിയുടെ പരാതിയും പുറത്തുവന്നതോടെ സംഭവത്തിൽ ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ നിർണായകമാകും.
