ന്യൂഡൽഹി : ഉപയോക്താവിന്റെ ഫോൺ നമ്പറിന്റെ സ്വകാര്യത ശക്തമാക്കുന്ന വിധത്തിൽ കൂടുതൽ നിയന്ത്രണം നൽകുന്ന പുത്തൻ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്.
സ്വന്തം ഫോൺ നമ്പർ ആർക്കൊക്കെ കാണാനാകുമെന്ന് തീരുമാനിക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് വാട്സ്ആപ്പിന്റെ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കു ന്നത്. നിലവിൽ യൂസർനെയിം ഉപയോഗിക്കുന്നവർക്കാണ് ഈ സൗകര്യം ഉപയോഗിക്കാനാവുകയെന്നാണ് റിപ്പോർട്ടുകൾ.
വാട്സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ പതിപ്പായ 2.26.45.1ലാണ് പുതിയ ഫീച്ചറിന്റെ സൂചനകൾ കണ്ടെത്തിയത്. വാട്സ്ആപ്പിലെ സെറ്റിങ്സിൽ ഫോൺ നമ്പർ ദൃശ്യമാകുന്നത് നിയന്ത്രിക്കാനുള്ള പ്രത്യേക വിഭാഗം ഉൾപ്പെടുത്താനാണ് നീക്കം. പുതിയ ഫീച്ചർ അനുസരിച്ച്, ഉപയോക്താക്കൾക്ക് തങ്ങളുടെ ഫോൺ നമ്പർ ആർക്കൊക്കെ കാണാനാകുമെ ന്നത് വളരെ എളുപ്പത്തിൽ നിയന്ത്രിക്കാനാകും.
ഇതിനായി നാല് പ്രധാന ഓപ്ഷനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. എല്ലാവർക്കും ഫോൺ നമ്പർ കാണാൻ സാധിക്കുന്ന ‘Everyone’, കോൺടാക്ട് ലിസ്റ്റിലുള്ളവർക്ക് മാത്രം നമ്പർ കാണാൻ കഴിയുന്ന ‘My Contacts’, കോൺടാക്ട് ലിസ്റ്റിലുള്ളവരിൽ നിന്ന് ചിലരെ മാത്രം ഒഴിവാക്കിക്കൊണ്ടുള്ള ‘My Contacts Except’, ആർക്കും ഫോൺ നമ്പർ കാണാനാകാത്ത വിധത്തിലുള്ള ‘Nobody’ എന്നിങ്ങനെയാണ് ആ നാല് ഓപ്ഷനുകൾ ക്രമീകരിച്ചിരിക്കുന്നത്.
യൂസർനെയിം ഉപയോഗിക്കുന്നവർക്കായി ഡിഫോൾട്ടായി ‘Nobody’ എന്ന ഓപ്ഷനായിരിക്കും ക്രമീകരിക്കുക. അതായത്, യൂസർനെയിം വഴി ഒരാൾ പുതിയതായി ബന്ധപ്പെടുമ്പോൾ ഫോൺ നമ്പർ കാണാനാകില്ലെന്ന് ചുരുക്കം. എന്നാൽ, നേരത്തെ തന്നെ ഉപയോക്താവിന്റെ ഫോൺ നമ്പർ അറിയാവുന്നവർക്ക് അത് കാണാനാകും.
നിലവിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്കുപോലും ലഭ്യമായിട്ടില്ല. പൊതുജനങ്ങൾക്കായി എപ്പോൾ അവതരിപ്പിക്കുമെന്ന കാര്യത്തിൽ വാട്സ്ആപ്പ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടുമില്ല. യൂസർനെയിം സംവിധാനം കൂടുതൽ വ്യാപകമാകുന്നതിന്റെ ഭാഗമായാണ് ഫോൺ നമ്പറിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട പുതിയ നിയന്ത്രണങ്ങളും വികസിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
