പരീക്ഷാ ക്രമക്കേട്: പി.എസ്.സി. ചെയർമാനെ കുടുക്കാൻ ക്രൈംബ്രാഞ്ച് നീക്കം; ചൊവ്വാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷാ ക്രമക്കേടുകളിൽ അന്വേഷണം ചെയർമാൻ എം.ആർ. ബൈജുവിലേക്ക് കേന്ദ്രീകരിക്കുന്നു. ചോദ്യംചെയ്യലിന് ഹാജരാകാതെ മാറിനിൽക്കുന്ന ബൈജുവിനെ ചൊവ്വാഴ്ച നിർബന്ധമായും ഹാജരാക്ണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി.

കേസിൽ അദ്ദേഹത്തെ പ്രതിയാക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമുള്ള നീക്കങ്ങൾ അന്വേഷണസംഘം ശക്തമാക്കിയതായാണ് സൂചന. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിലെ ക്രമക്കേടാണ് നിലവിൽ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രം. പത്ത് ചോദ്യങ്ങളുടെ മൂല്യനിർണയം ഒഴിവാക്കിയത് ആസൂത്രിതമായിരുന്നുവെന്നതടക്കമുള്ള നിർണായക വിവരങ്ങൾ അന്വേഷണത്തിൽ ലഭിച്ചിട്ടുണ്ട്.

രണ്ട് ഉദ്യോഗസ്ഥർ അറസ്റ്റിലായതോടെ കേസിൽ ചെയർമാന്റെ പങ്കും പരിശോധിക്കുകയാണ് ക്രൈംബ്രാഞ്ച്.കഴിഞ്ഞയാഴ്ച ചോദ്യംചെയ്യലിന് വിളിപ്പിച്ചപ്പോൾ ഹൈക്കോടതിയിൽ കേസ് പരിഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബൈജു ഹാജരാകാതിരുന്നത്. കേസിൽ അറസ്റ്റിലായ അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കൊപ്പമിരുത്തി ചെയർമാനെ ചോദ്യംചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം. ബൈജുവുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ് ആർ. ഹരി.

എഴുത്തുപരീക്ഷകളിലെ മാർക്ക് ചെയർമാനും പി.എസ്.സി. അംഗങ്ങൾക്കും ചോർന്നുകിട്ടിയിരുന്നുവെന്ന വിവരവും അന്വേഷണത്തിൽ നിർണായകമായിട്ടുണ്ട്. പി.എസ്.സി.യിലെ പല തീരുമാനങ്ങളും ചെയർമാൻ സ്വന്തം നിലയ്ക്ക് കൈക്കൊണ്ടിരുന്നുവെന്ന മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അന്വേഷണവുമായി സഹകരിക്കാത്തതും ചോദ്യംചെയ്യൽ നീട്ടിക്കൊണ്ടുപോകുന്നതും സംബന്ധിച്ച് ഹൈക്കോടതി നേരത്തേ പി.എസ്.സി.യെയും സർക്കാരിനെയും വിമർശിച്ചിരുന്നു. കോടതി ഇടപെടൽ കൂടി ചൂണ്ടിക്കാട്ടിയാണ് പുതിയ നോട്ടീസ് നൽകിയിരിക്കുന്നത്.

ചൊവ്വാഴ്ചയും ചെയർമാൻ ഹാജരായില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. അതേസമയം, ബൈജു ചെയർമാനായിരുന്ന കാലത്ത് നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ പരീക്ഷാ ക്രമക്കേടും അന്വേഷണപരിധിയിലുണ്ട്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്‌പെക്ടർ പരീക്ഷകളിലെ ക്രമക്കേടുകളിൽ മുൻ ചെയർമാൻ എം.കെ. സക്കീറിനെതിരെയും ആരോപണങ്ങളുണ്ട്.

എന്നാൽ, ഈ കേസുകളുമായി ബന്ധപ്പെട്ട് സക്കീറിനെ ഇതുവരെ ചോദ്യംചെയ്യലിന് വിളിപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!