ഇസ്രയേലിൽ സർക്കാർ രൂപീകരണ നീക്കം: നെതന്യാഹുവിന് തിരിച്ചടി; ഐസൻകോട്ടിന് ആദ്യം അവസരം

November 8, 2026 Webdesk

ജറുസലേം : ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ആദ്യ അവസരം നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മുഖ്യ എതിരാളിയായ ഗാദി ഐസൻകോട്ടിന് നൽകാൻ പ്രസിഡന്റ് ഐസക് ഹെർസോഗ് തീരുമാനിച്ചു.

ഇതിന്റെ ഭാഗമായി ഐസൻകോട്ടിനെ ഇന്ന് ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.120 അംഗ നെസെറ്റിൽ കേവലഭൂരിപക്ഷത്തിന് ആവശ്യമായ 61 സീറ്റുകൾ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ പാർട്ടി. പ്രതിപക്ഷ സഖ്യത്തിന് അറബ് പാർട്ടികളുടെ പിന്തുണ ലഭിച്ചതോടെയാണ് സർക്കാർ രൂപീകരണ സാധ്യത തെളിഞ്ഞത്.

അതേസമയം, ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരുടെ സഹായത്തോടെ തിടുക്കത്തിൽ സർക്കാർ രൂപീകരിക്കാനുള്ള നീക്കം ഒഴിവാക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഐക്യസർക്കാർ രൂപീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

ഹമാസിനെ ഭീകരസംഘടനയായി അംഗീകരിക്കുന്ന പാർട്ടികളെ മാത്രമേ സർക്കാരിന്റെ ഭാഗമാക്കൂവെന്ന് ഐസൻകോട്ടിന്റെ യാഷർ പാർട്ടി വ്യക്തമാക്കിയിട്ടുണ്ട്. മുൻ സൈനിക മേധാവി കൂടിയായ ഐസൻകോട്ടിന്റെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾ ശക്തമാകുമ്പോൾ നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയും നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.

തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ പാർട്ടികൾക്ക് 48 സീറ്റുകളുമാണ് ലഭിച്ചത്. അറബ് പാർട്ടികൾക്ക് 19 സീറ്റുകളുണ്ട്. ഒരു വിഭാഗത്തിനും ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടാനാകാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിൽ അറബ് പാർട്ടികളുടെ പിന്തുണ നിർണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!