അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജ പ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭിൽദിയ(ഗുജറാത്ത്) : തന്റെ അവസാന ശ്വാസം വരെ ജനസേവനത്തിനായി പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലെ ഭിൽദിയിൽ ഭാരത് ബോവിൻ ബ്രീഡിങ് ആൻഡ് റിസർച്ച് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വിവാദ പരാമർശത്തിന് പിന്നാലെയുളള പ്രധാനമന്ത്രിയുടെ ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്.

രാജ്യത്തിന്റെ പുരോഗതിയിൽ ചിലർ സന്തോഷം കണ്ടെത്തുന്നില്ലെന്നും സർക്കാരിനെ അപകീർത്തിപ്പെടുത്താൻ വ്യാജപ്രചാരണങ്ങൾ നടത്തുകയാണെന്നും അദ്ദേഹം പ്രതിപക്ഷത്തിനെതിരെ വിമർശനം ഉന്നയിച്ചു.

ഇറാൻ യുദ്ധത്തിന് ശേഷം രാജ്യത്ത് വളത്തിന് വലിയ ക്ഷാമമുണ്ടാകുമെന്നും ആളുകൾക്ക് പാചകവാതകം ലഭിക്കാൻ ബുദ്ധിമുട്ടാകുമെന്നും തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതായും അദ്ദേഹം ആരോപിച്ചു.

ആഗോളതലത്തിൽ വളത്തിന്റെ വിലയിൽ വൻ വർദ്ധനവുണ്ടായെങ്കിലും അതിന്റെ ഭാരം കർഷകരുടെമേൽ അടിച്ചേൽപ്പിക്കാൻ സർക്കാർ അനുവദിച്ചില്ലെന്നും കർഷക ക്ഷേമത്തിന് മുൻഗണന നൽകിയാണ് കേന്ദ്രം പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പി.എം.-കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ ചെറുകിട കർഷകർക്കായി 4.5 ലക്ഷം കോടി രൂപയാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിൽ 14,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!