ഡെഹ്‌റാഡൂൺ : ഉത്തരാഖണ്ഡിലെ ജോഷിമഠിന് സമീപം ഹെലികോപ്ടർ തകർന്നുവീണുണ്ടായ അപകടത്തിൽ പൈലറ്റും യാത്രക്കാരും ഉൾപ്പെടെ മുഴുവൻപേരും മരിച്ചതായി സ്ഥിരീകരണം. ആറുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്പി സുർജിത് സിങ് പൻവർ വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.
പൈലറ്റ് ഹിമാൻഷു സബർവാൾ (48), യാത്രക്കാരായ പ്രതാപ് (41), അരുൺ സലൂങ്കേ (44), ശങ്കർ ഗൗഡ(39), സുധീർ കെ.(49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് മരിച്ചത്.
പടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗിൽനിന്നുള്ളയാളാണ് ഹിമാൻഷു. യാത്രക്കാർ ബെംഗളൂരു സ്വദേശികളാണെന്നാണ് വിവരം. അരുൺ പോലീസ് സേനാംഗവും ശങ്കർ അഭിഭാഷകനുമാണ്.
ബദ്‌രീനാഥിൽനിന്ന് ഡെഹ്‌റാഡൂൺ ലക്ഷ്യമാക്കി ഇന്നുച്ചയ്ക്ക് 1.14-ഓടെയാണ് ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്ടർ പറന്നുയർന്നത്. ജോഷിമഠ് താഴ്‌വരയ്ക്ക് മുകളിലൂടെ പറക്കവേ, ഹെലികോപ്ടറുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു.
തുടർന്ന് അന്വേഷണം ആരംഭിച്ചു. പിന്നീടാണ് ഹെലികോപ്ടർ തകർന്നുവീണതായി സ്ഥിരീകരിച്ചത്. സൈന്യത്തിന്റെയും എസ്ഡിആർഎഫിന്റെയും പോലീസിന്റെയും സംഘങ്ങൾ സ്ഥലത്തെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
