ന്യൂഡൽഹി: ഏഴ് ഘട്ടങ്ങളിലായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ലോക്സഭാ തിരഞ്ഞെടുപ്പിന് നാളെ തിരശ്ശീല വീഴും. നാളെ തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദ പ്രചരണം നടത്തും.
74 ദിവസം നീണ്ട് നിന്ന പരസ്യപ്രചാരണത്തിനാണ് ഇന്നലെ വൈകീട്ട് 5 മണിയോടെ അവസാനിച്ചത്.
ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പിൽ 57 മണ്ഡലങ്ങൾ വിധിയെഴുതും. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹിമാചല്‍പ്രദേശ്, ഝാര്‍ഖണ്ഡ്, ഒഡീഷ, പഞ്ചാബ്, ബംഗാള്‍, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ 57 മണ്ഡലങ്ങളിലാണ് അന്തിമഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന ഉത്തർ പ്രദേശിലെ വാരണാസി, നടി കങ്കണ റണാവത്തും കോൺഗ്രസ് നേതാവ് വിക്രമാധിത്യ സിങ്ങും ഏറ്റുമുട്ടുന്ന ഹിമാചൽ പ്രദേശിലെ മണ്ഡി, മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് മത്സരിക്കുന്ന ബിഹാറിലെ പട്ന സാഹിബ് എന്നിവ പ്രധാന മണ്ഡലങ്ങളാണ്.
ജൂൺ ഒന്നിന് ശേഷം മൂന്ന് നാൾ കാത്തിരിപ്പ്. ഒടുവിൽ ജൂൺ 4 ചൊവ്വാഴ്ച രാജ്യം ആര് ഭരിക്കും എന്നറിയാം. രാജ്യത്തെ ഒട്ടാകെ ജനങ്ങൾ ആ വിധിക്കായി കാത്തിരിക്കുകയാണ്.
