പെൻസിൽവാനിയയിൽ കൂട്ടവെടിവെപ്പ്; രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു…

എയ്‌റി : അമേരിക്കയിലെ പെൻസിൽവാനിയയിൽ വീടിനുള്ളിൽ കടന്നുകയറിയ തോക്കുധാരി നടത്തിയ വെടിവെപ്പിൽ രണ്ട് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം എയ്‌റി നഗരത്തിലെ പെറി സ്ട്രീറ്റിലുള്ള വീട്ടിലാണ് നടുക്കുന്ന സംഭവം.

വെടിവെപ്പിന് പിന്നിലെന്ന് സംശയിക്കുന്നയാളെയും പിന്നീട് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇയാൾ സ്വയം വെടിവെച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഒക്ടോബർ ഒമ്പതിന് പ്രാദേശിക സമയം വൈകുന്നേരം അഞ്ചുമണിയോടെ പെറി സ്ട്രീറ്റിലെ 700-ാം ബ്ലോക്കിലുള്ള വീട്ടിൽ വെടിവെപ്പ് നടന്നതായി വിവരം ലഭിച്ചതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്.

വീടിന് പുറത്ത് രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മറ്റുള്ളവർ വീടിനുള്ളിലായിരുന്നു മരിച്ചു കിടന്നിരുന്നത്. പുറത്തുണ്ടായിരുന്ന രണ്ട് സ്ത്രീകളെ വെടിവെച്ചശേഷം അക്രമി വീടിനുള്ളിൽ പ്രവേശിച്ച് മറ്റുള്ളവർക്കുനേരെ വെടിയുതിർത്തെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. സ്ഥലത്തുനിന്ന് വെടിയൊച്ച കേട്ടതായി ലഭിച്ച ഫോൺവിളിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ ഇടപെട്ടെങ്കിലും അക്രമി വീടിനുള്ളിൽനിന്ന് ഉദ്യോഗസ്ഥർക്കുനേരെയും വെടിയുതിർത്തു.

ഇതിനിടെ ഇയാൾ വീടിന്റെ വാതിൽ അകത്തുനിന്ന് പൂട്ടിയതായും റിപ്പോർട്ടുകളുണ്ട്.തുടർന്ന് സ്വാറ്റ് (SWAT) സംഘം സ്ഥലത്തെത്തി. സംഘവും അക്രമിയും തമ്മിൽ വെടിവെപ്പ് നടന്നതിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വയം വെടിവെച്ച് ജീവനൊടുക്കിയതാ ണെന്നാണ് പോലീസ് കരുതുന്നത്. സംഭവസ്ഥലത്ത് കണ്ട കാഴ്ചകൾ തങ്ങളുടെ ഔദ്യോഗിക ജീവിതത്തിൽ നേരിടേണ്ടിവന്ന ഏറ്റവും ദുഷ്‌കരമായ അനുഭവങ്ങളിലൊന്നാണെന്ന് എയ്‌റി പോലീസ് ചീഫ് റിക്ക് ലോറ പറഞ്ഞു.

ദുരന്തത്തിന്റെ വ്യാപ്തി വാക്കുകളിൽ വിവരിക്കാനാവില്ലെന്നും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ കണ്ടെത്താൻ വിശദമായ അന്വേഷണം ആവശ്യമാ ണെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമി ആരാണെന്നോ കൊല്ലപ്പെട്ടവരുമായി ഇയാൾക്ക് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നോ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വെടിവെപ്പിന്റെ കാരണം വ്യക്തമല്ല. കൊല്ലപ്പെട്ടവരുടെ പേരുവിവരങ്ങളും അധികൃതർ പുറത്തുവിട്ടിട്ടില്ല.

കൂടുതൽ വിവരങ്ങൾ സ്ഥിരീകരിച്ചശേഷം അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി.വെടിയൊച്ച കേട്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി ഓടിയതായും സംഭവസ്ഥലത്ത് വലിയ ആശങ്ക നിലനിന്നതായും എയ്‌റി ന്യൂസ് നൗ ഫോട്ടോഗ്രാഫർ ക്രിസ് പീറ്റേഴ്സൺ പറഞ്ഞു. അതേസമയം, നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും പൊതുജനങ്ങൾക്ക് ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.സംഭവത്തിൽ എയ്‌റി നഗര അധികൃതർ ഫേസ്ബുക്കിലൂടെ അനുശോചനം രേഖപ്പെടുത്തി.

ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പിന്തുണ അറിയിച്ച അധികൃതർ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!