തിരുവനന്തപുരം: ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ തുടങ്ങിയ മേഖലകളിലെ സർക്കാർതല ഏകോപന ചുമതലകൾ നിർവഹിക്കുന്ന ഉദ്യോഗസ്ഥരുടെ നിയമനത്തിൽ ക്ഷേത്രാചാരങ്ങളെ ക്കുറിച്ചുള്ള അറിവും തീർത്ഥാടനത്തിന്റെ മതപരമായ പ്രാധാന്യത്തോടുള്ള ആദരവും ഉറപ്പാക്കണമെന്ന് അഖില തന്ത്രി പ്രചാരക് സഭ ദേശീയ ചെയർമാൻ എം. എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു.
ഈ മേഖലകളിലെ ഏകോപന ചുമതലകൾക്ക് മുൻകാലങ്ങളിൽ വിശ്വാസികളായ ഹിന്ദു ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരുന്ന തെന്നാണ് സഭയുടെ ധാരണ. ഇതിൽനിന്നു വ്യത്യസ്തമായ നിയമനം സംബന്ധിച്ച് ഉയർന്ന ആശങ്കകൾക്ക് സർക്കാർ വ്യക്തമായ വിശദീകരണം നൽകണം. മുൻകാല നിയമനരീതിയും ബന്ധപ്പെട്ട ഉത്തരവുകളും ചുമതലകളുടെ പരിധിയും പരസ്യമാക്കി ആശയക്കുഴപ്പം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സർക്കാർതല ഭരണ നിർവഹണവും ക്ഷേത്രത്തിലെ താന്ത്രിക–ആചാരപരമായ അധികാരങ്ങളും തമ്മിലുള്ള ചുമതലാവിഭജനം വ്യക്തമായിരിക്കണം. തീർത്ഥാടകരുടെ സുരക്ഷ, ഗതാഗതം, ശുചിത്വം, ആരോഗ്യസേവനം, വിവിധ വകുപ്പുകളുടെ ഏകോപനം എന്നിവയ്ക്കായുള്ള അധികാരം ക്ഷേത്രാചാരങ്ങളിൽ ഇടപെടാനുള്ള അധികാരമായി മാറരുത്.
ശബരിമലയുടെ ആചാരമര്യാദകളും വ്രതാനുഷ്ഠാനങ്ങളുടെ പ്രാധാന്യവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വ്യക്തമായി ബോധ്യപ്പെടുത്തണം. ആചാരപരമായ വിഷയങ്ങളിൽ തന്ത്രിയുടെയും ബന്ധപ്പെട്ട ക്ഷേത്രാധികാരികളുടെയും പങ്ക് മാനിക്കുകയും ദേവസ്വം ബോർഡുമായി ഉത്തരവാദിത്വപൂർണമായ ഏകോപനം ഉറപ്പാക്കുകയും വേണം. ഒരു ഉദ്യോഗസ്ഥന്റെ മതത്തിന്റെ പേരിൽ വ്യക്തിപരമായ അധിക്ഷേപം നടത്തുന്നതിനെ സഭ പിന്തുണയ്ക്കുന്നില്ല.
അതേസമയം, വിശ്വാസികളുടെ ആശങ്കകൾ അവഗണിക്കുന്ന സമീപനവും അംഗീകരിക്കാനാവില്ല. നിയമനവുമായി ബന്ധപ്പെട്ട വസ്തുതകൾ സർക്കാർ വ്യക്തമാക്കുകയും ആചാര സംരക്ഷണത്തിന് ആവശ്യമായ ഉറപ്പുകൾ നൽകുകയും വേണം.ശബരിമലയുടെ പവിത്രതയും തീർത്ഥാടകരുടെ ക്ഷേമവും മുൻനിർത്തി ബന്ധപ്പെട്ട എല്ലാവരുമായും ചർച്ച നടത്തി ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എം. എസ്. ശ്രീരാജ് കൃഷ്ണൻ പോറ്റി ആവശ്യപ്പെട്ടു.
