ഇടുക്കി: ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ വീണ്ടും മയക്കുവെടിവെച്ചു. എന്നാൽ ആന പൂർണമായി മയങ്ങിയോ എന്ന കാര്യത്തിൽ വനംവകുപ്പിന് ഇതുവരെ ഉറപ്പായിട്ടില്ല. ആനയുടെ 50 മീറ്റർ അകലെ ദൗത്യസംഘം നിലയുറപ്പിച്ചിട്ടുണ്ട്.
കുങ്കിയാനകളും സ്ഥലത്തേക്ക് പുറപ്പെട്ടു. ആനയെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ആനയിറങ്കൽ ഡാമിന് സമീപമാണ് നിലവിൽ ചക്കക്കൊമ്പനുള്ളത്. ആന ഡാമിലേക്ക് ഇറങ്ങുന്നത് തടയാൻ ദൗത്യസംഘം പടക്കം പൊട്ടിച്ച് ശ്രമം തുടരുകയാണ്.
ആനയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. ചക്കക്കൊമ്പനെ പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം തുടർച്ചയായ ദിവസങ്ങളിൽ പ്രതിസന്ധി നേരിട്ടിരുന്നു. നവംബർ 25ന് ദൗത്യത്തിന്റെ ആദ്യ ദിവസം ആനയ്ക്ക് മയക്കുവെടി വെച്ചെങ്കിലും പൂർണമായി മയങ്ങിയിരുന്നില്ല.
തുടർന്ന് നൽകിയ ബൂസ്റ്റർ ഡോസ് കൃത്യമായി ഏൽക്കാതെയും പോയി. കനത്ത മഴയും കോടമഞ്ഞും കാരണം അന്ന് ദൗത്യം താൽക്കാലികമായി അവസാനിപ്പിക്കുകയായിരുന്നു. നവംബർ 26ന് ദൗത്യം പുനരാരംഭിച്ചെങ്കിലും മയക്കുവെടിവെക്കാൻ അനുയോജ്യമായ തുറസ്സായ സ്ഥലത്തേക്ക് ആനയെ എത്തിക്കാൻ സാധിച്ചില്ല.
ഇതിനിടെ ജലാശയത്തിന് സമീപമുള്ള നടുത്തുരുത്തി, 301 കോളനി ഭാഗങ്ങളിലേക്ക് ആന നീങ്ങിയതും പിടിയാനയും കുഞ്ഞും ഒപ്പമെത്തിയതും ദൗത്യസംഘത്തിന് വെല്ലുവിളിയായി. വിക്രം, ഭരത് എന്നീ രണ്ട് കുങ്കിയാനകളുടെയും 140ഓളം വരുന്ന ദൗത്യസംഘത്തിന്റെയും സഹായത്തോടെയാണ് ദൗത്യം പുരോഗമിക്കുന്നത്.
ചക്കക്കൊമ്പൻ പൂർണമായി മയങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ. നിർണായക ഘട്ടത്തിലാണ് വനംവകുപ്പിന്റെ ദൗത്യം.
