കൊല്ലം: കുളത്തൂപ്പുഴ ഓന്തുപച്ചയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് പേർ മരിച്ചു. കൊല്ലം പുന്തലത്താഴം സ്വദേശി ചന്ദ്രൻപിള്ള (65), ഇരവിപുരം തട്ടാമല മാളികവയൽ കെ.ടി.എം നഗറിൽ ജാഫർ (56) എന്നിവരാണ് മരിച്ചത്.
കൊല്ലം പായിക്കടയിലെ ജഗതി സ്റ്റോർ ജീവനക്കാരായിരുന്നു ഇരുവരും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു അപകടം. കുളത്തൂപ്പുഴയിലെ പലചരക്കുകടകളിൽ നിന്ന് കളക്ഷൻ എടുത്ത ശേഷം മടത്തറയിലേക്ക് പോകുന്നതിനിടെയാണ് ചന്ദ്രൻപിള്ളയും ജാഫറും അപകടത്തിൽപ്പെട്ടത്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശികൾ സഞ്ചരിച്ച കാർ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ റോഡരികിലേക്ക് മറിഞ്ഞു. ബൈക്കിലുണ്ടായിരുന്ന ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽ കാർ യാത്രികരായ മയിൽസ്വാമി (66), പരമേശ്വർ (41), സവടമ്മാൾ (65), ജക്കയ്യൻ (53), കണ്ണൻ (53), വരദരാജ് (21), യോഗിരാജ് (18) എന്നിവർക്കും പരുക്കേറ്റു.
ഇവരെ ആദ്യം കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലും പിന്നീട് പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
