ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രകള്‍ക്കിടയിലും ഉപയോക്താക്കള്‍ക്ക് തടസമില്ലാതെ ആശയവിനിമയം നടത്താന്‍ വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍.
വാട്‌സ്ആപ്പിലൂടെ നേരിട്ട് ‘ഡാറ്റ ഇ-സിമ്മുകള്‍’ വാങ്ങാനും ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനം ഉടന്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
വിദേശ രാജ്യങ്ങളില്‍ എത്തിയ ഉടന്‍ തന്നെ, വിമാനത്താവളത്തില്‍ നിന്ന് പ്രാദേശിക സിം കാര്‍ഡ് വാങ്ങുകയോ, പൊതു വൈഫൈയെ ആശ്രയിക്കുകയോ ചെയ്യാതെ തന്നെ മൊബൈല്‍ ഡാറ്റ ലഭ്യമാക്കാന്‍ ഈ ഫീച്ചര്‍ സഹായിക്കും.
കൂടാതെ, നിലവിലുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തന്നെ വാട്സ്ആപ്പ് തുടര്‍ന്നും ഉപയോഗിക്കാം. ഇതിനായി ഇസിം ദാതാക്കളുമായും ടെലികോം ഓപ്പറേറ്റര്‍മാരുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വാട്സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചു.
വളരെ ലളിതമായ ഏതാനും ഘട്ടങ്ങളിലൂടെ ഈ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഇന്ത്യയിലെ ജിയോ ഉള്‍പ്പെടെയുള്ള വിവിധ ഇ-സിം ദാതാക്കളുമായും ടെലികോം ഓപ്പറേറ്റര്‍മാരുമായും സഹകരിച്ചാണ് ഈ ഫീച്ചര്‍ വികസിപ്പിക്കുന്നത്.
മറ്റ് രാജ്യങ്ങളില്‍ സ്മാര്‍ട്ട് ആക്‌സിയാറ്റ, സ്മാര്‍ട്ട് കമ്മ്യൂണിക്കേഷന്‍സ്, വെറൈസോണ്‍ തുടങ്ങിയ കമ്പനികളും ഇതില്‍ പങ്കാളികളാണ്. എന്നാല്‍, ഇതിന്റെ നിരക്കുകള്‍, ലഭ്യമായ ഡാറ്റാ പ്ലാനുകള്‍, ഏതെല്ലാം രാജ്യങ്ങളിലാകും ഈ സേവനം ആദ്യം ലഭ്യമാക്കുക തുടങ്ങിയ വിവരങ്ങള്‍ വാട്സ്ആപ്പ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ വാട്സ്ആപ്പ് ഉടന്‍ തന്നെ ഈ ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങും. സേവനം ലഭ്യമാകുന്ന മുറയ്ക്ക്, അര്‍ഹരായ ഉപയോക്താക്ക ള്‍ക്ക് ആപ്പിനുള്ളില്‍ തന്നെ ഇത് ഉപയോഗിക്കാന്‍ സാധിക്കും. ഇ-സിം സേവനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള കമ്പനിയുടെ പ്രാഥമിക നീക്കങ്ങളെക്കുറിച്ച് വാട്സ്ആപ്പ് മേധാവി കുനാല്‍ ഷാ, ‘എക്‌സ്’പോസ്റ്റില്‍ വ്യക്തമാക്കി. വാട്‌സ്ആപ്പില്‍ ഈ ഫീച്ചര്‍ ആക്റ്റിവേറ്റ് ചെയ്യാന്‍ ഇസിം പിന്തുണയുള്ള ഫോണ്‍ ആവശ്യമാണ്.
