തിരുവല്ല: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ കേസിലെ മൂന്ന് പ്രതികളും പിടിയില്‍.
തൃശ്ശൂർ അന്തിക്കാട് ചുള്ളിപ്പറമ്ബില്‍ വീട്ടില്‍ സി.ബി അതുല്‍ കൃഷ്ണ(19), അന്തിക്കാട് അന്തിക്കോടി വീട്ടില്‍ അജില്‍ ( 18 ), അന്തിക്കോട് പച്ചാമ്പുളളി വീട്ടില്‍ പി.ഡി ജയരാജ് ( 23 ) എന്നിവരെയാണ് തിരുവല്ല പോലീസ് പിടികൂടിയത്.
സൈബർ സെല്ലിൻ്റെ സഹായത്തോടെ പൊലീസ് നടത്തിയ വിദഗ്ധമായ അന്വേഷണത്തിലാണ് പ്രതികള്‍ മണിക്കൂറുകള്‍ക്കകം വലയിലായത്.
തിരുവല്ലയിലെ സ്വകാര്യ സ്കൂളില്‍ പരീക്ഷക്കെത്തിയ വിദ്യാർഥിനിയെ അതുലും, അജിലും ചേർന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇവർക്ക് സഹായം ഒരുക്കി നല്‍കിയ കേസിലാണ് ജയരാജ് പിടിയിലായത്
വെള്ളിയാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്കൂളില്‍ എത്തിയ കുട്ടി ഏറെ വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പിതാവ് തിരുവല്ല പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് അതുലുമായി പെണ്‍കുട്ടി സൗഹൃദത്തില്‍ ആയതെന്ന് പൊലീസ് പറഞ്ഞു.