കൊച്ചി : സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് റിയാസിനും ഹൈക്കോടതിയിൽ വലിയ തിരിച്ചടി. ഇരുവരുടേയും മേൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.
ഇഡി കത്തിൽ കേസ് വൈകുന്നതിനെതിരെ പൊതുപ്രവർത്തകനായ കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചിന്റെ സുപ്രധാന വിധി വന്നിരിക്കുന്നത്.
മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കു കയാണ്. ഇഡി കണ്ടെത്തിയ തെളിവുകളിൽ നേരിട്ട് കേസ് എടുത്താൽ വൻ ഡീൽ ആരോപണം കോൺഗ്രസിനെതിരെയും വരും എന്ന വിലയിരുത്തൽ നിലവിലുണ്ട്.
കൂടാതെ, കർത്തായുടെ ഡയറിക്കുറിപ്പുകളിൽ കോൺഗ്രസ് നേതാക്കളുടെ പേരുകളും ഉള്ളതുകൊണ്ട് ഡയറിക്കുറിപ്പ് വെച്ച് അഴിമതി കേസ് എടുക്കാനാവില്ല എന്നായിരുന്നു സർക്കാർ കോടതിയെ അറിയിച്ചത്. എന്നാൽ കേസെടുക്കാൻ പര്യാപ്തമായ തെളിവുകൾ കത്തിൽ തന്നെ കൈമാറിയിട്ടുണ്ടെന്ന് ഇഡി ഹൈക്കോടതിയിൽ നിലപാട് അറിയിച്ചിരുന്നു.
പ്രാഥമിക പരിശോധന നടത്തിയാണ് തങ്ങൾ തെളിവ് കൈമാറിയതെന്നും അതിന്മേൽ വീണ്ടും പ്രാഥമിക പരിശോധന എന്തിനെന്നുമായിരുന്നു ഇഡിയുടെ നിലപാട്.
ഹൈക്കോടതി ഉത്തരവ് വരും ദിവസങ്ങളിൽ കേരളത്തിലെ രാഷ്ട്രീയ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് വഴി തുറക്കുമെന്ന് ഉറപ്പാണ്.
