തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങളും ചേരിപ്പോരും പുതിയ തലത്തിലേക്ക് കടക്കുന്നു. മുതിർന്ന കോൺഗ്രസ് നേതാവും കാസർകോട് എംപിയുമായ രാജ്മോഹൻ ഉണ്ണിത്താനെതിരെ സൈബർ ആക്രമണം കടുക്കുന്നതിനിടെ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ചോദ്യങ്ങളുമായി അമൽ ഉണ്ണിത്താൻ രംഗത്തെത്തി.
എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട്, ഒന്നുമറിയാത്ത ഭാവത്തിൽ അരങ്ങിലെ കളി കണ്ടിരിക്കുകയാണോ രമേശ് ചെന്നിത്തലയെന്ന് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ ഉണ്ണിത്താൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
കോൺഗ്രസിലെ ഇപ്പോഴത്തെ ആഭ്യന്തര തർക്കങ്ങൾ കാണുമ്പോൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോട് ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാൻ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയാണ് അമലിന്റെ കുറിപ്പ് തുടങ്ങുന്നത്.
മുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തെ അധികാരവടംവലികൾ കേരളം മറന്നിട്ടില്ലെന്നും, ഇപ്പോൾ വി.ഡി. സതീശൻ മുഖ്യമന്ത്രിയായിരിക്കെ വീണ്ടും ആ പഴയ രാഷ്ട്രീയ തിരക്കഥ ആവർത്തിക്കുക യാണോ എന്നും അമൽ ചോദിക്കുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി, ജനവികാരത്തിന്റെ പേരിൽ മുഖ്യമന്ത്രി കസേര സ്വന്തമാക്കാനുള്ള നീക്കമാണോ അണിയറയിൽ നടക്കുന്നതെന്നും അമൽ ഉണ്ണിത്താൻ സംശയം പ്രകടിപ്പിച്ചു.
കോൺഗ്രസിൽ ഇപ്പോൾ നടക്കുന്നത് ജനങ്ങൾക്കുവേണ്ടിയുള്ള ഭരണമാണോ, അതോ മുഖ്യമന്ത്രി കസേരയ്ക്കുവേണ്ടി യുള്ള മ്യൂസിക്കൽ ചെയർ മത്സരമാണോയെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. തന്റെ സംശയങ്ങൾക്ക് കോൺഗ്രസ് നേതൃത്വം വ്യക്തമായ മറുപടി നൽകണമെന്നും അമൽ ആവശ്യപ്പെട്ടു.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് മന്ത്രിസഭ അധികാരമേറ്റപ്പോൾ മുതൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അസ്വാരസ്യങ്ങൾ പാർട്ടിയിൽ പുകയുന്നുണ്ടായിരുന്നു. ഇതിനിടെയാണ് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ തന്നെ പരസ്യമായി ആഭ്യന്തരമന്ത്രിക്കെതിരെ തിരിഞ്ഞിരിക്കുന്നത്.
അമൽ ഉണ്ണിത്താന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് പുറത്തുവന്നതോടെ കോൺഗ്രസ് പ്രവർത്തകർക്കിടയിലും രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
