‘നിങ്ങൾ തമ്പ്രാനുമല്ല, ഞങ്ങൾ അടിമകളുമല്ല’ സർക്കാരിനും വി.ഡി.സതീശനും എതിരെ ആഞ്ഞടിച്ച് വളർമതി…

തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരേ ആഞ്ഞടിച്ച് എൽ.പി.എസ്.ടി. സമരസമിതി സെക്രട്ടറി എസ്. വളർമതി. വിമോചന സമരക്കാലത്തെ ‘തമ്പ്രാനെന്ന് വിളിപ്പിക്കും, പാളയിൽ കഞ്ഞി കുടിപ്പിക്കും’ എന്ന മുദ്രാവാക്യശൈലിയിലാണ് യു.ഡി.എഫ്. സർക്കാർ പ്രവർത്തിക്കുന്നതെന്ന് അവർ പറഞ്ഞു.

സമരം 142 ദിവസം പിന്നിടുമ്പോഴാണ് സർക്കാരിനെതിരേ രൂക്ഷവിമർശനവു മായി വളർമതി രംഗത്തെത്തിയത്. എൽ.പി.എസ്.ടി.ക്കാരുടെ പ്രശ്‌നങ്ങൾ സർക്കാർ കേൾക്കാത്തത് ദൗർഭാഗ്യകരമാണ്. താൻ നിരാഹാരസമരം തുടങ്ങിയിട്ട് 30 ദിവസമായി.

പണ്ട് നിരാഹാരസമരം അവലംബിച്ച പ്രസ്ഥാനത്തിലുള്ളവരാണ് ഇന്ന് ഭരണസിരാകേന്ദ്രത്തിൽ ഇരിക്കുന്നത്. എന്നിട്ടും ഉദ്യോഗാർഥികളുടെ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. ഞങ്ങളുടെ പ്രശ്നം പരിഹരിക്കാൻ മാത്രമേ സർക്കാരിന് സാമ്പത്തികബാധ്യതയുള്ളൂ.

അനുപാതം കുറയ്ക്കുമ്പോൾ 50 കോടിയുടെ ബാധ്യതയുണ്ടാകുമെന്ന് ഒരു ദിവസം സർക്കാർ പറയുന്നു. അടുത്ത ദിവസം 400 കോടിയുടെ ബാധ്യതയുണ്ടെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മന്ത്രിമാർക്ക് ആഡംബരം നടത്താൻ കാശ് ചെലവാക്കുന്നതിൽ യാതൊരു പ്രശ്‌നവുമില്ല.

ഇത്രയും നാൾ നിരാഹാരം കിടത്തി തന്റെ ആരോഗ്യസ്ഥിതി വഷളാക്കി. മരണത്തിലേക്ക് തള്ളിവിട്ടാലും സമരത്തിൽനിന്ന് ഒരടി പിന്നോട്ടുപോകില്ല. ഇനി ചർച്ച വേണ്ട, പരിഹാരമാണ് കാണേണ്ടതെന്നും വളർമതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!