കോട്ടയം/ മുംബൈ : പാലാ എംഎൽഎ മാണി സി കാപ്പന് എതിരായ ചെക്ക് കേസിൽ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ കോടതി. ദിന്തോഷി സെഷൻസ് കോടതിയാണ് ശിക്ഷ മരവിപ്പിച്ചത്.
എന്നാൽ പിഴത്തുകയുടെ 20% ശതമാനം കെട്ടിവയ്ക്കണമെന്ന ഉത്തരവിലെ വ്യവസ്ഥയ്ക്കെതിരെ മുംബൈ ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് മാണി സി കാപ്പന്റെ തീരുമാനം.
മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതി നാല് ചെക്ക് കേസുകളിലായി മാണി സി. കാപ്പന് മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ചിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പൻ നൽകിയ അപ്പീലാണ് സെഷൻസ് കോടതിയുടെ അനുകൂല ഉത്തരവ്.
വിധി താൽക്കാലികമായി മരവിപ്പിച്ച കോടതി അപ്പീൽ നടപടിയുടെ ഭാഗമായി പിഴ തുകയുടെ 20% ശതമാനം കെട്ടിവയ്ക്കണമെന്ന് നിർദ്ദേശിച്ചു. ഡിസംബർ 18-ന് മുമ്പ് തുക അടച്ചില്ലെങ്കിൽ അപ്പീൽ തള്ളുമെന്നും കോടതി വ്യക്തമാക്കി. വിശദമായ വാദം കേട്ടതിനു ശേഷമായിരുന്നു കോടതിയുടെ തീരുമാനം. ഈ വ്യവസ്ഥയ്ക്കെതിരെ മുംബൈ ഹൈക്കോടതിയിൽ മാണി സി കാപ്പൻ അപ്പീൽ നൽകും.
