വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി തടവുകാരനെ മോചിപ്പിച്ചു: കർണാടക ജയിൽ ഡിഐജി അറസ്റ്റിൽ

ബംഗളൂരു : വ്യാജ സുപ്രീം കോടതി ഉത്തരവ് ഉണ്ടാക്കി ജീവപര്യന്തം തടവുകാരനെ ജയിലിൽ നിന്ന് മോചിപ്പിച്ച കേസിൽ കർണാടക ജയിൽ വകുപ്പ് ഡിഐജി എം. സോമശേഖർ അറസ്റ്റിലായി.

ബംഗളൂരു ഇലക്ട്രോണിക് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്തത്.

2018-ൽ ബംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിൽ ചീഫ് സൂപ്രണ്ടായി സേവനമനുഷ്ഠിക്കവെയാണ് സോമശേഖർ ഈ വൻ ക്രമക്കേട് നടത്തിയത്. ഇയാളെ പ്രാദേശിക കോടതി ഒക്ടോബർ ഒൻപത് വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

കൊലപാതകക്കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ശങ്കർ എന്ന പ്രതിയെയാണ് വ്യാജ രേഖകൾ നിർമ്മിച്ച് ജയിലിൽ നിന്ന് പുറത്തിറക്കിയത്. സുപ്രീം കോടതിയുടെ പേരിൽ തയ്യാറാക്കിയ ഉത്തരവ് വ്യാജമാണെന്ന് അറിഞ്ഞിട്ടും ഡിഐജി പ്രതിയുടെ മോചനത്തിന് അനുമതി നൽകുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനുപുറമെ തടവുകാരന്റെ ഭാര്യയെ ഉദ്യോഗസ്ഥൻ ലൈംഗികമായി ചൂഷണം ചെയ്തതായും ചട്ടങ്ങൾ ലംഘിച്ച് പ്രതിക്ക് പലതവണ പരോൾ അനുവദിച്ചതായും ആരോപണമുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ സുപ്രീം കോടതി രജിസ്ട്രാറെ നേരിട്ട് കണ്ട് അന്വേഷിച്ച ശേഷമാണ് ഉത്തരവ് വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചത്. ജയിൽ വകുപ്പിലെ മറ്റ് ചില ജീവനക്കാർക്കും ഈ ഗൂഢാലോചനയിൽ പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണവുമായി സഹകരിക്കാതിരി ക്കുകയും വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്നാണ് ഡിഐജി സോമശേഖറിനെ പോലീസ് ഔദ്യോഗികമായി അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!