ഈസ്താംബൂൾ: കരിങ്കടലിൽ ധാന്യവുമായി സഞ്ചരിച്ചിരുന്ന ടർക്കിഷ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ക്യാപ്റ്റനടക്കം രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് തീപിടിച്ച കപ്പൽ പിന്നീട് കടലിൽ മുങ്ങി.
മൂന്ന് ജീവനക്കാർക്ക് പരിക്കേറ്റതായും ഒരാളെ കാണാതായതായും റൊമാനിയൻ അധികൃതരെ ഉദ്ധരിച്ച് യൂറോന്യൂസ് റൊമാനിയ റിപ്പോർട്ട് ചെയ്തു. കപ്പലിൽ തീ പടർന്നതോടെ റൊമാനിയൻ കോസ്റ്റ് ഗാർഡിന്റെ ബോട്ടുകളും ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു. 11 ജീവനക്കാരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
റൊമാനിയൻ തീരത്ത് നിന്ന് ഏകദേശം 20 മൈൽ അകലെയാണ് കാണാതായ ജീവനക്കാരനുവേണ്ടിയുള്ള തിരച്ചിൽ നടക്കുന്നത്.തുർക്കി കമ്പനിയായ എം.ജി. ഷിപ്പിങ് 5-ന്റെ ഉടമസ്ഥതയിലുള്ള റോയാദ് മമ്മഡോവ് എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. സെന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാകയേന്തിയാണ് കപ്പൽ സർവീസ് നടത്തിയിരുന്നത്.
മാരിടൈം ട്രാഫിക് നിരീക്ഷണ വിവരങ്ങൾ പ്രകാരം ആക്രമണത്തിന് ഏകദേശം മൂന്ന് മണിക്കൂർ മുൻപാണ് കപ്പൽ യുക്രൈനിലെ ഇസ്മയിലിൽ നിന്ന് ഇറ്റലിയിലെ റവെന്നയിലേക്ക് യാത്ര തിരിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് റൊമാനിയൻ അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, റഷ്യയാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണവുമായി യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്‌കി രംഗത്തെത്തി.
അന്താരാഷ്ട്ര സമുദ്രാതിർത്തിയിലൂടെ ധാന്യവുമായി സഞ്ചരിച്ചിരുന്ന സിവിലിയൻ കപ്പലിനെ റഷ്യ രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമിച്ചെന്നാണ് സെലെൻസ്‌കിയുടെ ആരോപണം. കപ്പലിൽ അസർബൈജാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരും ഉണ്ടായിരുന്നുവെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചു. എന്നാൽ ഈ ആരോപണത്തിന് റഷ്യയുടെ ഔദ്യോഗിക പ്രതികരണം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
