ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.
ഉടന്‍ രാജിവെക്കാന്‍ സൈന്യം ഹസീനയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൈനിക മേധാവി രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തി. ഹസീന സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രൂക്ഷമായതോടെ, സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.
സർക്കാർ ജോലിയിലെ സംവരണ വിഷയത്തിൽ വിദ്യാർഥികൾ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. സംവരണ വിഷയത്തിൽ നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.
ഇതു കെട്ടടങ്ങിയതിന് പിന്നാലെയാണ് സർക്കാരിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ, രാജ്യത്തുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലില്‍ മരണം 300 കഴിഞ്ഞു. ‘സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്‌ക്രിമിനേഷൻ’ എന്ന സംഘടനയാണ് സർക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്.
