കൊല്ലം : കുണ്ടറ വെള്ളിമൺ സ്വദേശിയായ രാജു (56) കൊല്ലപ്പെട്ട സംഭവത്തിൽ ഭാര്യ ലേഖ മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് രാജു വീട്ടിൽ കുഴഞ്ഞുവീണതായി ലേഖ മേരി അറിയിച്ചത്.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.എന്നാൽ ഇൻക്വസ്റ്റ് നടപടികൾക്കിടെ രാജുവിന്റെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കഴുത്ത് മുറുകിയുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായതോടെ സംഭവത്തിൽ പൊലീസിന് സംശയം ബലപ്പെട്ടു.
തുടർന്ന് കുണ്ടറ പൊലീസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിൽ ബെൽറ്റ് ഉപയോഗിച്ച് രാജുവിന്റെ കഴുത്ത് മുറുക്കിയതായി ലേഖ മേരി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
സ്വത്ത് തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചില റിപ്പോർട്ടുകൾ പ്രകാരം കുടുംബസ്വത്തുമായി ബന്ധപ്പെട്ട തർക്കവും മറ്റ് കുടുംബ പ്രശ്നങ്ങളും അന്വേഷണത്തിൽ പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്.കേസിൽ ലേഖ മേരിയുടെ അറസ്റ്റ് രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം തുടരുകയാണ്.
