കൊൽക്കത്ത : 2021-ലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയുടെ കാലിനേറ്റ പരിക്ക് കേവലം നാടകമായിരുന്നുവെന്ന ഗുരുതര ആരോപണവുമായി വെസ്റ്റ് ബംഗാൾ പ്രതിപക്ഷ നേതാവും ബിജെപി മുതിർന്ന നേതാവുമായ സുവേന്ദു അധികാരി.
നന്ദിഗ്രാമിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ മമതയുടെ കാല് ഒടിഞ്ഞെന്നും ഗുണ്ടകൾ ആക്രമിച്ചെന്നുമുള്ള ആരോപണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ തൃണമൂൽ മെനഞ്ഞ വ്യാജ കഥയാണെന്ന് സുവേന്ദു ആരോപിച്ചു. സംഭവത്തിൽ സംസ്ഥാന സർക്കാർ തലത്തിൽ പുതിയ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ബിജെപി.
2021 മാർച്ച് 11-ന് കൊൽക്കത്തയിലെ ബംഗൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂറോസയൻസസിൽ മമത ബാനർജിയെ പ്രവേശിപ്പിച്ച ശേഷമുള്ള മെഡിക്കൽ റിപ്പോർട്ട് കൈവശമുണ്ടെന്ന് അവകാശപ്പെട്ടാണ് സുവേന്ദു അധികാരി രംഗത്തെത്തിയത്. അന്നത്തെ സർക്കാരിലെ ഡോക്ടർമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ കാലിന് യാതൊരു വിധത്തിലുള്ള അസ്ഥിഭംഗമോ (Fracture) സ്ഥാനചലനമോ (Dislocation) ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി എഴുതിയിട്ടുണ്ടെന്ന് സുവേന്ദു വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രിയും പാർട്ടിയും ചേർന്ന് സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും തിരഞ്ഞെടുപ്പിൽ സഹതാപ തരംഗമുണ്ടാക്കാൻ വീൽചെയറിലിരുന്ന് പ്രചാരണം നടത്തിയത് ആസൂത്രിത നാടകമായിരുന്നുവെന്നും ബിജെപി ആരോപിക്കുന്നു. സംഭവത്തിൽ സിഐഡി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഒക്ടോബറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷം വിഷയത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നും സുവേന്ദു അധികാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
2021-ൽ നന്ദിഗ്രാം മണ്ഡലത്തിൽ മമത ബാനർജിയും സുവേന്ദു അധികാരിയും നേരിട്ട് ഏറ്റുമുട്ടിയപ്പോൾ മമതയെ പരാജയപ്പെടുത്തി സുവേന്ദു വിജയിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽ നിൽക്കെ, മമത ബാനർജി നടത്തിയെന്ന് പറയപ്പെടുന്ന പ്രചാരണം തെറ്റാണെന്ന് തെളിയിച്ച് രാഷ്ട്രീയ തിരിച്ചടി നൽകാനാണ് ബിജെപിയുടെ നീക്കം.
എന്നാൽ ബിജെപിയുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും അന്നത്തെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകളിൽ പരിക്കുകൾ വ്യക്തമാണെന്നും തൃണമൂൽ കോൺഗ്രസ് പ്രതിരോധിച്ച് രംഗത്തെത്തിയിട്ടുണ്ട്.
