സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ച , മരണം നടക്കാത്തത് കൊണ്ടാണോ കേസെടുക്കാത്തത്?…

തൃശൂർ : തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ സംഘാടനത്തിലെ ഗുരുതര വീഴ്ച്ചയുടെ വിവരങ്ങൾ പുറത്ത്. ഗെയിംസിന് മുന്നോടിയായി ഒരു തവണ പോലും സംഘാടകസമിതി യോഗം ചേർന്നില്ല. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഔദ്യോഗിക തിരക്കുകളിൽ ആയിരുന്നു എന്ന് ന്യായീകരണം.

ദിവസങ്ങൾ പിന്നിട്ടിട്ടും അപകടത്തിൽ കേസെടുക്കാൻ തയ്യാറാകാതെ പോലീസ്, കേസെടുത്തേ തീരുവെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി ആവശ്യപ്പെട്ടു.

സംസ്ഥാന സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ സ്കൂൾ ഗെയിംസ് അപകടത്തിനു പിന്നാലെ പുറത്തുവരുന്നത് സംഘാടനത്തിലെ ഗുരുതര അനാസ്ഥകൾ. ഗെയിംസ് നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചത് പേപ്പറിൽ മാത്രമാണെന്നാണ് ഒടുവിൽ വരുന്ന വിവരം.

മത്സരങ്ങൾക്ക് മുന്നോടിയായി ഒരു തവണ പോലും സംഘാടകസമിതി യോഗം ചേർന്നില്ല. സമിതി ചെയർമാൻ ആണെന്ന വിവരം തൃശൂർ എംഎൽഎയോ, അംഗമാണെന്ന വിവരം കോർപ്പറേഷൻ മേയറോ അറിഞ്ഞു പോലുമില്ല.

സെപ്റ്റംബർ 26ന് തൃശ്ശൂരിൽ നടന്ന മേഖല തല അദാലത്തിന്റെ തിരക്കുകളിൽ ആയിരുന്നു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നാണ് ന്യായീകരണം. ഇതിനിടെ ദിവസങ്ങൾ കഴിഞ്ഞിട്ടും അപകടത്തെക്കുറിച്ച് കേസെടുത്തു അന്വേഷിക്കാൻ പോലീസ് തയ്യാറായിട്ടില്ല. അപകടത്തിൽ പരാതിക്കാരില്ല എന്നാണ് പോലീസിന്റെ വാദം. ഗുരുതര സ്വഭാവമുള്ള അപകടമല്ലെന്നും അതുകൊണ്ട് സ്വമേധയാ കേസെടുക്കേണ്ട ആവശ്യമില്ലെന്നുമാണ് പോലീസ് വിലയിരുത്തൽ.

സംഭവത്തിൽ മരണം നടക്കാത്തത് കൊണ്ടാണോ കേസെടുക്കാത്തത് എന്ന രൂക്ഷ വിമർശനവുമാണ് തൃശൂർ എംപി കൂടിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉന്നയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!