മാരാർജി ഭവന് നേരെ അതിക്രമം; കോൺഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിർത്തണം: ബിജെപി, അല്ലെങ്കിൽ തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ്

തിരുവനന്തപുരം: തലസ്ഥാനത്ത് സംഘർഷാവസ്ഥ തുടരുന്നതിനിടെ ബിജെപി സംസ്ഥാന കാര്യാലയമായ തമ്പാനൂരിലെ മാരാർജി ഭവന് നേരെ അതിക്രമം.

ഓഫീസിന് നേരെ ബിയർ കുപ്പി എറിഞ്ഞാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയ രണ്ടുപേരാണ് കുപ്പി എറിഞ്ഞതെന്നാണ് വിവരം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.

അതേസമയം, ആരോപണത്തിൽ കോൺഗ്രസ് ഭാഗത്ത് നിന്നുള്ള പ്രതികരണം ഇതുവരെ വ്യക്തമല്ല. ബിജെപി–യുവമോർച്ച–കോൺഗ്രസ് സംഘർഷം തുടരുന്നതിനിടെയാണ് തലസ്ഥാനത്ത് എസ്എഫ്ഐ–കെഎസ്‌യു സംഘർഷവും രൂക്ഷമായത്.

വിവിധ രാഷ്ട്രീയ സംഘടനകൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കിടെ ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണം സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബിജെപി രംഗത്തെത്തി. “കോൺഗ്രസ് ക്രിമിനലുകളെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കും” എന്ന മുന്നറിയിപ്പും ബിജെപി നേതൃത്വം നൽകി കഴിഞ്ഞു.

ഇന്നലെ രാത്രി എസ്എഫ്ഐ – യൂത്ത് കോൺഗ്രസ് ഏറ്റുമുട്ടൽ തിരുവനന്തപുരം നഗരത്തെ യുദ്ധക്കളത്തിന് സമാനമാക്കി. ഒടുവിൽ എസ്എഫ്ഐ നിയന്ത്രണത്തിലുള്ള കോളേജ് മെൻസ് ഹോസ്റ്റൽ വളപ്പിലേക്ക് പോലീസ് കയറുന്നതിനും വഴിയൊരുക്കി. ഇതിനിടെയാണ് ബിജെപി സംസ്ഥാന കാര്യാലയത്തിന് നേരെ ആക്രമണം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!