‘ഇത് പിന്നെ സാരി അല്ലാതെ ചാക്ക് ആണോ ? കല്യാണത്തിന് പത്ത് ദിവസം മുൻപാണ് മന്ത്രകോടിയും ഗൗണും എടുത്തത്’; റിമി പറയുന്നു…

മുംബൈ : ഗായിക റിമി ടോമിയുടെ വിവാഹ ചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിവാഹത്തിന് ധരിച്ച ഗൗണിനെക്കുറിച്ചും മന്ത്രകോടിയെക്കുറിച്ചും റിമി പറഞ്ഞ വാക്കുകളാണിപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്.

ലിബിനൊപ്പം വിവാഹത്തിന് പത്ത് ദിവസം മുൻപ് മാത്രമാണ് വിവാഹ വസ്ത്രങ്ങളെടുക്കാൻ കടയിൽ പോയതെന്നും ആദ്യ കാഴ്ചയിൽ ഇഷ്ടപ്പെട്ട വസ്ത്രങ്ങളെടുത്ത് മടങ്ങുകയായിരുന്നെന്നും റിമി ടോമി പറഞ്ഞു.

തൂവെള്ള ഗൗണിലായിരുന്നു വിവാഹത്തിന് റിമി എത്തിയത്. നീല സ്യൂട്ട് ആയിരുന്നു ലിബിന്റെ വേഷം. വിവാഹ റിസപ്‌ഷൻ വേദിയിൽ മന്ത്രകോടിയായ കോറൽ പിങ്ക് നിറത്തിലുള്ള സിൽക്ക് സാരിയായിരുന്നു റിമിയുടെ വേഷം. ഒപ്പം കൈകളിലൂടെ കടും ചുവപ്പ് നിറത്തിലുള്ളതും ഗോൾഡൻ ബോർഡറുള്ള ദുപ്പട്ടയും റിമി ഇട്ടിരുന്നു. വിവാഹത്തിന് ശേഷം നടന്ന റിസപ്‌ഷനിടെ അവതാരകനാണ് റിമി ടോമിയോട് വസ്ത്രത്തെക്കുറിച്ച് ചോദിച്ചത്.

ധരിച്ചിരിക്കുന്നത് സാരി തന്നെയാണോ എന്നായിരുന്നു അവതാരകന്റെ ചോദ്യം. ‘ഇത് പിന്നെ സാരി അല്ലാതെ ചാക്ക് ആണോ ?’ എന്നാണ് റിമി ചിരിയോടെ ചോദിച്ചത്. മന്ത്രകോടി ആണെന്നും മുംബൈയിലെ ഡോംബിവല്ലിയിൽ തന്നെയുള്ള ഒരു കടയിൽ നിന്ന് വാങ്ങിയതാണെന്നും റിമി വെളിപ്പെടുത്തി. കയ്യിലൂടെ ഇട്ടിരിക്കുന്ന ദുപ്പട്ട കണ്ടാവും അല്ലേ ഈ ചോദ്യമെന്നും റിമി ചോദിച്ചു.

“ഒരുപാട് കടകളിൽ കയറി ഒരുപാട് വസ്ത്രങ്ങൾ നോക്കി തിരഞ്ഞെടുത്തതൊ ന്നുമല്ല. കല്യാണത്തിന് പത്ത് ദിവസം മുൻപ് ലിബിനൊപ്പം ഡോംബിവല്ലിയിലെ ഒരു കടയിൽ പോയി. അവർ ആദ്യം കാണിച്ചത് ഈ സാരി ആയിരുന്നു. ഇത് തന്നെ മതിയെന്ന് ഞങ്ങൾ രണ്ടും പറഞ്ഞു. അത് വാങ്ങി ഇറങ്ങി. ഗൗണിന്റെ കാര്യത്തിലും അങ്ങനെ തന്നെയായിരുന്നു. അന്ധേരിയിലെ ഒരു കടയിൽ നിന്നാണ് അത് വാങ്ങിയത്. കടക്കാർക്ക് വരെ അതിശയം ആയിരുന്നു.

അവർ വരെ പറഞ്ഞു, കല്യാണത്തിന് പത്ത് ദിവസം മുൻപൊന്നും ആരും വന്ന് വസ്ത്രമൊന്നും വാങ്ങില്ലെന്ന്. അവിടെയും ആദ്യം കണ്ട ഗൗൺ സെലക്ട് ചെയ്തു. ഇട്ട് നോക്കിയപ്പോൾ കറക്റ്റ് ആയിരുന്നു. കല്യാണം ഒരു മാസം മുൻപാണ് തീരുമാനിച്ചത്.

വിവാഹ വസ്ത്രങ്ങളൊക്കെ പെട്ടെന്ന് തുന്നിച്ചെടുക്കേണ്ടേന്നും സമയം ഉണ്ടാകില്ലെന്നുമൊക്കെ ഒരുപാട് പേർ പറഞ്ഞു. പക്ഷേ ഒന്നും ചെയ്തില്ല. പെട്ടെന്നൊരു ദിവസം പോയി എല്ലാം വാങ്ങി വന്നു”.- റിമി ടോമി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!