തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങളുടെയും സിസിടിവി പരിശോധനകളുടെയും പേരില്‍ വ്യാജ എസ്എംഎസ് അയച്ച് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി കേരള പൊലീസിന്റെ മുന്നറിയിപ്പ്.
മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക അറിയിപ്പ് എന്ന വ്യാജേനയാണ് ഇത്തരം സന്ദേശങ്ങള്‍ പൊതുജനങ്ങളുടെ ഫോണുകളിലേക്ക് എത്തുന്നത്.
വാഹനങ്ങളുടെ യഥാര്‍ത്ഥ രജിസ്‌ട്രേഷന്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തി, ട്രാഫിക് നിയമലംഘനം കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും പിഴയടയ്ക്കാന്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശങ്ങളില്‍ ആവശ്യപ്പെടുന്നതെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
സംശയം തോന്നാത്ത വിധം ഔദ്യോഗിക രൂപത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ തയ്യാറാക്കുന്നത്. സന്ദേശത്തോടൊപ്പം നല്‍കിയിരിക്കുന്ന റഫറന്‍സ് നമ്പറും ചുരുക്കിയ വെബ് ലിങ്കും തട്ടിപ്പിന്റെ ഭാഗമാണ്. ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിന് സമാനമായ വ്യാജ പേജിലേക്കാണ് ഉപയോക്താക്കള്‍ എത്തുന്നത്.
തുടര്‍ന്ന് പിഴയടയ്ക്കുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, സിവിവി, ഒടിപി തുടങ്ങിയ രഹസ്യ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടുന്നു. ഈ വിവരങ്ങള്‍ നല്‍കുന്നതോടെ അക്കൗണ്ടുകളില്‍ നിന്ന് പണം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും കേരള പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇത്തരം തട്ടിപ്പുകളില്‍ നിന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്. എസ്എംഎസുകളില്‍ ലഭിക്കുന്ന അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഒരിക്കലും പിഴയടയ്ക്കരുത്. വാഹനങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പിഴയുണ്ടോ എന്ന് ഔദ്യോഗിക പരിവാഹന്‍ അല്ലെങ്കില്‍ ഇ-ചെലാന്‍ വെബ്‌സൈറ്റുകള്‍ വഴി നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
ബാങ്ക് വിവരങ്ങളോ ഒടിപിയോ കാര്‍ഡ് വിശദാംശങ്ങളോ ഒരു കാരണവശാലും മറ്റാരുമായും പങ്കുവെക്കരുത്. വ്യാജമെന്ന് സംശയിക്കുന്ന സന്ദേശങ്ങളിലെ ലിങ്കുകള്‍ തുറക്കുകയോ മറ്റുള്ളവരിലേക്ക് കൈമാറുകയോ ചെയ്യരുത്.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇരയായാല്‍ സമയം പാഴാക്കാതെ ഉടന്‍ തന്നെ 1930 എന്ന സൈബര്‍ ഹെല്‍പ്പ് ലൈന്‍ നമ്പറിലോ https://cybercrime.gov.in എന്ന ഔദ്യോഗിക സൈബര്‍ ക്രൈം പോര്‍ട്ടല്‍ വഴിയോ പരാതി രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്നും മുന്നറിയിപ്പില്‍ പറയുന്നു.
