കൊല്ലം : കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് കരിങ്കൊടി പ്രതിഷേധം. ആശ്രാമം മൈതാനത്തിന് മുന്നിലാണ് ഏതാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്.
ആഭ്യന്തര മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് എത്താനുള്ള പ്രതിഷേധക്കാരുടെ നീക്കം വിജയിച്ചില്ല. പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായും ആരോപണമുണ്ട്. ആശ്രാമം മൈതാനത്തെ ഹെലിപ്പാഡിൽ ഹെലികോപ്റ്ററിൽ എത്തിയ അമിത് ഷാ വാഹനത്തിൽ പോകുന്നതിനിടെയാണ് പ്രതിഷേധം നടന്നത്.
കുണ്ടറ മുളവനയിലെ പവിത്രം കൺവെൻഷൻ സെന്ററിൽ നടക്കുന്ന ‘സഹകരണത്തിലൂടെ സമൃദ്ധി’ പരിപാടിയിൽ പങ്കെടുക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എത്തിയത്. തുടർന്ന് വള്ളിക്കാവിലെ മാതാ അമൃതാനന്ദമയി മഠത്തിലെത്തി ജന്മദിനാഘോഷ പരിപാടിയിലും പങ്കെടുത്ത ശേഷമായിരിക്കും മടങ്ങുക.
