രണ്ടുമാസം മുൻപ് സഹോദരൻ മരിച്ചു… ക്ഷേത്രത്തിൽ ഉത്സവം നടത്തരുത്… ഉത്സവത്തിനിടെ വടിവാൾ വീശി യുവാവിന്റെ പരാക്രമം

കൊല്ലം: കുണ്ടറയിലുള്ള ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ വടിവാൾ വീശി പരാക്രമം കാട്ടി യുവാവ്. കുണ്ടറ സ്വദേശിയായ അജോയ് അശോകനാണ് വടിവാൾ വീശി ഭീകരാന്തരീക്ഷമുണ്ടാക്കി ആളുകളെ ആക്രമിക്കുകയും ചെയ്തത്. കുണ്ടറയിലെ ഞാലിയോട് അമ്പിപ്പൊയ്ക ദേവി ക്ഷേത്രത്തിൽ കഴിഞ്ഞിദിവസം രാത്രി നടന്ന ഉത്സവത്തിനിടെയായിരുന്നു സംഭവം.

അജോയ് അശോകന്റെ സഹോദരൻ രണ്ടു മാസം മുമ്പ് ഒരു വാഹനാപകടത്തിൽ മരിച്ചിരുന്നു. സഹോദരൻ മരിച്ചതിനാൽ ഉത്സവം നടത്തരുതെന്ന് ഇയാൾ പലതവണ ഭരണസമിതി ഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. ഇതേകാര്യം ആവശ്യപ്പെട്ട് ഭരണസമിതി കമ്മിറ്റി കൂടുന്ന സമയത്ത് ഓഫീസിലെത്തി ഇയാൾ ബഹളംവെക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇതിനെതിരെ ഭാരവാഹികൾ നേരത്തെ തന്നെ പോലീസിൽ പരാതിയും നൽകി.

നാട്ടിലെ വിവിധ കുടുംബങ്ങൾ ചേർന്ന് നടത്തുന്ന ഉത്സവമായതിനാൽ മുടക്കം കൂടാതെ ഉത്സവം നടത്താനായിരുന്നു ഭരണസമിതിയുടെ തീരുമാനം. ഇതിൽ പ്രകോപിതനായാണ് അജോയ് ഉത്സവം നടക്കുന്നതിനിടെ സുഹൃത്തിനൊപ്പമെത്തി അക്രമം നടത്തിയത്.

ആദ്യം വടിവാൾ വീശി ആൾക്കാരെ ഭീഷണിപ്പെടുത്തിയ ഇയാൾ പിന്നീട് അക്രമം അഴിച്ചുവിട്ടു. ഇത് തടയാൻ ശ്രമിച്ച മൂന്നുപേർക്ക് പരിക്കേൽക്കുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഭരണസമിതി വീണ്ടും പരാതി നൽകിയിട്ടുണ്ട്. കുണ്ടറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!