70 കോടി കൈക്കൂലി, പത്തോളം പെൺകുട്ടികൾ, ആഡംബര ബംഗ്ലാവ്; വ്യവസായിക്കെതിരായ കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്…

ചെന്നൈ : തമിഴ്നാട്ടിൽ ഏറെക്കാലം പൊലീസിന്റെ അന്വേഷണപരിധിക്ക് പുറത്തായിരുന്ന പീഡനക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

ഡിഎംകെ സർക്കാരിന്റെ കാലത്ത് പൊലീസ് എഴുതിത്തള്ളിയ കേസ് കോടതി ഇടപെടലിനെ തുടർന്ന് വീണ്ടും അന്വേഷിച്ചതോടെയാണ് വ്യവസായി വീരമണിക്കെതിരായ ഗുരുതര ആരോപണങ്ങളും കേസ് ഒതുക്കാൻ നടന്നതായി പറയപ്പെടുന്ന കോടികളുടെ പണമിടപാടുകളും പുറത്തുവന്നത്.

പത്തോളം പെൺകുട്ടികളെ പീഡിപ്പിച്ചെന്ന കേസിലാണ് ജെം ഗ്രാനൈറ്റ്സ് ഉടമയും 84കാരനുമായ വീരമണി അറസ്റ്റിലായത്. കേസ് പുറത്തുവരാതിരിക്കാനും അന്വേഷണം അട്ടിമറിക്കാനുമായി ഉദ്യോഗസ്ഥർക്ക് മാത്രം ഏകദേശം 70 കോടി രൂപ കൈക്കൂലിയായി നൽകിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഓഗസ്റ്റ് അവസാനമാണ് വീരമണിയെയും സഹായി മഹേന്ദ്ര സിംഹനെയും ഇയാളുടെ ഭാര്യ ശാന്തിയെയും (60) അറസ്റ്റ് ചെയ്തത്. മറ്റൊരു സഹായി ഗണേശനെയും കഴിഞ്ഞ ദിവസം പിടികൂടി. പണമിടപാടുകൾക്ക് ഇടനിലക്കാരനായി പ്രവർത്തിച്ചെന്ന ആരോപണത്തിൽ പ്രമുഖ ട്രേഡ് യൂണിയൻ നേതാവിന്റെ മകനെയും ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.

കേസിന് വഴിത്തിരിവായത് കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തുവന്ന ഒരു വീഡിയോയാണ്. 13 വയസ്സുള്ള പെൺകുട്ടിയെ വയോധികൻ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സാമൂഹിക പ്രവർത്തകന്റെ പരാതിയിൽ പൊലീസ് കേസെടുത്തെങ്കിലും വീഡിയോയിലെ അതിജീവിതയെ കണ്ടെത്തുന്നതിൽ പൊലീസ് പരാജയപ്പെട്ടു.

പൊലീസിന്റെ അന്വേഷണത്തിലെ വീഴ്ചകളെ കോടതി രൂക്ഷമായി വിമർശിച്ചതോടെയാണ് കേസ് വീണ്ടും സജീവമായത്. കോടതി നിർദേശത്തെ തുടർന്ന് അന്വേഷണം പുനരാരംഭിച്ചതോടെ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഒടുവിൽ വീഡിയോയിലുള്ള പെൺകുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വീരമണിയെ അറസ്റ്റ് ചെയ്തത്.

പ്രമുഖർ താമസിക്കുന്ന ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള ആഡംബര ബംഗ്ലാവും വീരമണിയുടെ സ്വന്തം വീടും പെൺകുട്ടികളെ എത്തിച്ചിരുന്ന ഇടങ്ങളായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സന്നദ്ധ പ്രവർത്തനങ്ങളുടെ മറവിലായിരുന്നു പെൺകുട്ടികളെ സമീപിച്ചിരുന്നതെന്നാണ് ആരോപണം. പെൺകുട്ടികളെ വലയിലാക്കുന്നതിൽ ശാന്തിക്കും നിർണായക പങ്കുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവരുന്ന വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കോടികളുടെ പണമിടപാടുകൾ എങ്ങനെയാണ് നടന്നതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!