കുമരകം/ മുഹമ്മ : വൃക്ഷ ശിഖരങ്ങൾ വെട്ടി കായലിലേക്ക് ഒഴുക്കിവിടുന്നത് ബോട്ടുകൾക്ക് ഭീഷണിയാകുന്നു.യാത്രാ ബോട്ടുകളും, മറ്റ് ജലയാനങ്ങളും സഞ്ചരിക്കുന്ന ജലപാതയിൽ വൃക്ഷ ശിഖരങ്ങളും മറ്റും വന്നടിയുന്നത് പതിവായതോടെയാണ് ജീവനക്കാരുടെ സംഘടനയായ സ്രാങ്ക് അസോസിയേഷൻ ജനങ്ങളോട് അഭ്യർത്ഥനയുമായി രംഗത്ത് എത്തിയത്.
വെള്ളപ്പൊക്ക സമയത്തും മറ്റും കായലിലേക്ക് ഒഴുകിയെത്തിയ മരങ്ങളും, മറ്റ് അവശിഷ്ടങ്ങളും മൂലം നിലവിൽ തന്നെ യാത്ര ബോട്ടുകളുടെ സഞ്ചാരം പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് തദ്ദേശിയർ തന്നെ വൃക്ഷ ശിഖരങ്ങളും മറ്റും കായലിലേക്ക് തള്ളുന്നത്.
കായലിൽ അടിഞ്ഞു കിടക്കുന്ന മരക്കഷണങ്ങളിലും മറ്റും തട്ടി ബോട്ടുകളുടെ റഡിർ, പ്രൊപ്പല്ലർ എന്നിവയ്ക്ക് നിരന്തരമായി തകരാർ സംഭവിക്കുന്നത് രൂക്ഷമായ യാത്ര പ്രതിസന്ധിയും സൃഷ്ടിക്കുന്നു. ഇതിന് പുറമെ ജലപാതയിലെ പല സ്ഥലങ്ങളിലും എക്കൽ മണൽ അടിഞ്ഞു കൂടിയതും ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്.
പ്രൊപ്പല്ലർ, ഷാഫ്റ്റ് തകരാർ മൂലം ജല ഗതാഗത വകുപ്പിലെ ആലപ്പുഴ, വൈക്കം മേഖലയിലെ 5 സർവ്വീസുകളാണ് മുടക്കം നേരിട്ടത്. വൃക്ഷ ശിഖരങ്ങൾ കായലിൽ തള്ളി വിടുന്നത് ഒഴിവാക്കണമെന്നും, അതാത് പഞ്ചായത്തുകൾ ഇതിനു വേണ്ട നിർദ്ദേശങ്ങൾ നൽകാൻ തയ്യാറാകണമെന്നും സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആദർശ് സി റ്റി , ട്രഷറർ മധുക്കുട്ടൻ, രക്ഷാധികിരി അനൂപ് ഏറ്റുമാനൂർ എന്നിവർ സംയുക്തമായി ആവശ്യപ്പെട്ടു.
