വർഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമം! കോട്ടയം ആകാശപ്പാതയുടെ നിർമ്മാണം പുനരാരംഭിക്കുന്നു…

കോട്ടയം : വർഷങ്ങളായി നിർമാണം നിലച്ചതിനെ തുടർന്ന് വിവാദമായ കോട്ടയം ആകാശപ്പാത പദ്ധതിക്ക് വീണ്ടും ജീവൻ വയ്ക്കുന്നു. പദ്ധതി പുനരുജ്ജീവിപ്പിക്കു ന്നതിന്റെ ഭാഗമായി ഇന്ന് (സെപ്റ്റം. 23ന്) തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേരും.

വൈകിട്ട് മൂന്നിന് നിയമസഭാ കോംപ്ലക്‌സിൽ നടക്കുന്ന യോഗത്തിൽ കോട്ടയം എംഎൽഎയും നിയമസഭാ സ്പീക്കറുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും ഗതാഗത മന്ത്രി സി.പി. ജോണും ഗതാഗത, പൊതുമരാമത്ത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും.

സ്പീക്കറുടെ നിർദേശത്തെ തുടർന്ന് പൊതുമരാമത്ത് വകുപ്പ് ആർക്കിടെക്ചറൽ വിഭാഗം പദ്ധതിയുടെ പുതുക്കിയ രൂപരേഖ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളായാണ് പുതിയ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ആദ്യഘട്ടത്തിൽ ആകാശപ്പാതയുടെ പ്രധാന റൗണ്ട് നിർമിക്കും. രണ്ടാം ഘട്ടത്തിൽ തിരുനക്കര മൈതാനത്ത് നിന്ന് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് റോഡ് മുറിച്ചുകടന്ന് മുനിസിപ്പൽ ബിൽഡിങ് വഴി റൗണ്ടിലെത്തുന്ന രീതിയിലും തുടർന്ന് ബേക്കർ ജംക്‌ഷൻ വരെ നീളുന്ന രീതിയിലുമാണ് പാത ഒരുക്കുക.

മുനിസിപ്പൽ ബിൽഡിങ്ങിന് സമീപത്തെ ഓപ്പൺ സ്‌പേസിന് സമീപവും സിഎസ്ഐ കോംപ്ലക്‌സ് ഭാഗത്തും സ്റ്റെയർകേസും ലിഫ്റ്റും സ്ഥാപിക്കും. ഇതോടെ മൂന്ന് വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് ആകാശപ്പാതയിലേക്ക് പ്രവേശിക്കാൻ കഴിയും. ആദ്യ രണ്ട് ഘട്ടങ്ങളുടെയും നിർമാണം ഒരേസമയം നടത്താനാണ് തീരുമാനം. 18 മാസത്തിനകം നിർമാണം പൂർത്തിയാക്കണമെന്നാണ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശം നൽകിയിരിക്കുന്നത്.

കോട്ടയം നഗരത്തിന്റെ പ്രധാന ഭാഗത്തെ ഗതാഗതക്കുരുക്കിനും കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ആകാശപ്പാത പദ്ധതിക്ക് രൂപം നൽകിയത്.

2015 നവംബറിൽ നാറ്റ്പാക് തയ്യാറാക്കിയ ട്രാഫിക് വികസന പദ്ധതിയുടെ അടിസ്ഥാനത്തിലായിരുന്നു പദ്ധതി ആരംഭിച്ചത്. റോഡ് സുരക്ഷാ അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് കിറ്റ്‌കോയ്ക്കായിരുന്നു നിർമാണ ചുമതല. ആകെ 5.18 കോടി രൂപയായിരുന്നു പദ്ധതിയുടെ അടങ്കൽ. ഇതിൽ 2.16 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയാക്കിയിരുന്നു. എന്നാൽ പിന്നീട് സർക്കാർ മാറിയതോടെ തുടർനിർമാണം നിലച്ചു.

പദ്ധതി പൂർത്തിയാക്കാൻ അധികമായി ആവശ്യമായ 1.65 കോടി രൂപ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിക്കാമെന്ന നിർദേശവും നേരത്തെ മുന്നോട്ടുവന്നിരുന്നു. എന്നിട്ടും നിർമാണം പുനരാരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെയാണ് പദ്ധതി വീണ്ടും സജീവമാകുന്നത്. ആകാശപ്പാത നിർമാണവുമായി മുന്നോട്ടുപോകുമെന്ന് സർക്കാർ ബജറ്റിലും പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!