തിരുവനന്തപുരം : എംപുരാന്‍ വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് അഭിനേത്രിയും പൃഥ്വിരാജിന്റെ മാതാവുമായ മല്ലിക സുകുമാരന്‍. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ദീര്‍ഘമായ കുറിപ്പിലാണ് മല്ലിക സുകുമാരന്‍ വിവാദത്തില്‍ നിലപാട് വ്യക്തമാക്കുന്നത്. എംപുരാനുമായി ബന്ധപ്പെട്ട വിവാദത്തില്‍ സംവിധായകന്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തി വിമര്‍ശിക്കുകയും ബലിയാടാക്കാനുള്ള ശ്രമവും നടക്കുന്നു. മോഹന്‍ലാലിനെയും ആന്റണി പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കളെയും പൃഥ്വിരാജ് ചതിച്ചു എന്ന് ചിലര്‍ മനഃപൂര്‍വം പ്രചാരണം നടത്തുകയും ചില മാധ്യമങ്ങള്‍ അത് ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തന്റെ പ്രതികരണം എന്നും മല്ലിക സുകുമാരന്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.
സിനിമയ്ക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അതിന് ഈ കൂട്ടായ്മയില്‍ ഉള്ള എല്ലാവര്‍ക്കും ഉത്തരവാദിത്തം ഉണ്ട്. അവര്‍ എല്ലാവരും ഒന്നിച്ചിരുന്നു തിരക്കഥ വായിച്ചിട്ടുണ്ട്. പൃഥ്വിരാജ് തങ്ങളെ ചതിച്ചു എന്ന് മോഹന്‍ലാലോ നിര്‍മാതാക്കളോ ഇതുവരെ പറഞ്ഞിട്ടില്ല. ഇനി പറയും എന്നും എനിക്ക് തോന്നുന്നില്ല. മോഹൻലാല്‍ അറിയാത്ത ഒന്നും സിനിമയില്‍ ഇല്ലെന്നും മല്ലിക സുകുമാരന്‍ പറയുന്നു.
നടനും സംവിധായകനുമായ മേജര്‍ രവി, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ സ്വീകരിച്ച നിലപാടുകളെയും മല്ലിക സുകുമാരന്‍ വിമര്‍ശിക്കുന്നുണ്ട്. പൃഥ്വിരാജ് ചതിച്ചുവെന്ന് മോഹന്‍ലാലോ ആന്റണിയോ ഒരിക്കലും പറയില്ല. മേജര്‍ രവിയുടെ പ്രതികരണം നടത്തിയത് ആര്‍ക്ക് വേണ്ടി ആയിരുന്നു. പിന്നെ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തുന്നത് കൊണ്ട് രവിക്ക് എന്തെങ്കിലും ഗുണം ഉണ്ടോ എന്ന് എനിക്ക് അറിയില്ല. മാധ്യമ പ്രവര്‍ത്തകരെ പോലെ അഭിപ്രായം മാറ്റുന്നവന്‍ അല്ല പൃഥ്വിരാജ് എന്നും മല്ലിക വ്യക്തമാക്കുന്നു.
