ചെന്നൈ : സായുധസേനയിലെ സബ് ഇൻസ്‌പെക്ടർ രാജിന്റെ (58) മരണത്തിൽ ഭാര്യ അറസ്റ്റിൽ. ഉറക്കഗുളിക നൽകി മയക്കിയശേഷം പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവത്തിന് പിന്നിൽ മറ്റൊരാളുടെ സഹായമുണ്ടായിരു ന്നെന്നും അന്വേഷണ സംഘം പറയുന്നു.
കന്യാകുമാരി സ്വദേശിനിയായ രാജിന്റെ ഭാര്യ സെൽവറാണി (32)യാണ് അറസ്റ്റിലായത്. കൊലപാതകം ആസൂത്രണം ചെയ്യാൻ ദേവ എന്ന പരിചയക്കാരന്റെ സഹായം ലഭിച്ചെന്നാണ് സെൽവറാണിയുടെ മൊഴി. ഒളിവിലുള്ള ദേവിനായി പൊലീസ് അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ദിവസം രാജും സെൽവറാണിയും ഒരുമിച്ച് പുറത്തുപോയി വസ്ത്രങ്ങൾ വാങ്ങുകയും ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. പിന്നീട് വീട്ടിലെത്തി ഇരുവരും ഉറങ്ങാൻ പോയി. ഇതിനിടെ രാജ് കിടന്നിരുന്ന മുറിയിൽനിന്ന് പുക ഉയരുകയായിരുന്നു. പരിശോധിച്ചപ്പോഴാണ് മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ രാജിന്റെ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കിൽപ്പോക്ക് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫൊറൻസിക് പരിശോധനയ്ക്കിടെയാണ് കേസിൽ നിർണായകമായ തെളിവ് ലഭിച്ചത്. രാജിന്റെ ശരീരത്തിലും സംഭവസ്ഥലത്തും പെട്രോളിന്റെ അംശം കണ്ടെത്തുകയാ യിരുന്നു. ഇതോടെ ഭാര്യയുടെ മൊഴിയിലും പൊലീസിന് സംശയം തോന്നി.
രാജ് അടുത്തിടെ ഒരു പോക്‌സോ കേസിൽ ഉൾപ്പെട്ടിരുന്നെന്നും അതിന്റെ മാനസിക സമ്മർദത്തെ തുടർന്ന് ജീവനൊടുക്കിയതാ ണെന്നുമായിരുന്നു സെൽവറാണി ആദ്യം പറഞ്ഞത്. എന്നാൽ അയൽവാസിക ളിൽനിന്ന് പൊലീസ് ശേഖരിച്ച വിവരങ്ങൾ മറ്റൊരു ചിത്രമാണ് നൽകിയത്.
രാജും സെൽവറാണിയും തമ്മിൽ സ്ഥിരമായി വഴക്കുണ്ടായിരുന്നതായി അയൽവാസികൾ മൊഴി നൽകി.തുടർന്ന് സെൽവറാണിയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് മൊഴികളിലെ വൈരുധ്യം പുറത്തുവന്നത്. ഒടുവിൽ രാജിനെ കൊലപ്പെടുത്തിയതാണെന്ന് സെൽവറാണി സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
ഇതിനിടെ സംഭവസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങളും അന്വേഷണത്തിൽ ലഭിച്ചു. രാജിന്റെ വീടിന് സമീപം ബൈക്കിൽ ഒരാൾ ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഇയാൾ ദേവാണെന്നാണ് സെൽവറാണി പൊലീസിനോട് പറഞ്ഞത്. താനും ദേവനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സെൽവറാണി പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നൽകുന്നതെന്ന് പൊലീസ് പറയുന്നു. ദേവനെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ പിന്നിലെ യഥാർഥ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്.
