വാഷിങ്ടൻ: ഹോർമുസ് കടലിടുക്കിലെ ഖേഷം ദ്വീപിൽ അമേരിക്ക സൈനികാക്രമണം നടത്തിയതായി റിപ്പോർട്ട്. ‘വാൾ സ്ട്രീറ്റ് ജേണലാണ്’ ഇക്കാര്യം പുറത്തുവിട്ടത്. ദ്വീപിൽ തുടർച്ചയായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎയും റിപ്പോർട്ട് ചെയ്തു.
ഇറാനുമായുള്ള സംഘർഷം അവസാനിപ്പിക്കാൻ നയതന്ത്ര ചർച്ചകൾ തുടരുന്നതിനിടെയാണ് അമേരിക്ക ആക്രമണം ശക്തമാക്കിയി രിക്കുന്നത്.
യുഎസിൽ ഇന്ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിനു പിന്നാലെ ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ പരിഗണിക്കണമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് ആവശ്യപ്പെട്ടിരുന്നതായി നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു.
ഇതിനുപിന്നാലെയാണ് ഖേഷം ദ്വീപിലെ ആക്രമണവാർത്ത പുറത്തുവരുന്നത്. അതേസമയം, ഇറാനെതിരെ വീണ്ടും സൈനികാക്രമണം നടത്തരുതെന്ന മുന്നറിയിപ്പുമായി ചൈനയും റഷ്യയും രംഗത്തെത്തി.ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ ഇറാന്റെ യാത്രാവിലക്ക് മറികടന്ന് സഞ്ചരിച്ച രണ്ട് എണ്ണക്കപ്പലുകൾ സ്ഫോടനത്തെ തുടർന്ന് തീപിടിച്ചതായും റിപ്പോർട്ടുണ്ട്.
ഇറാൻ റവല്യൂഷനറി ഗാർഡിന്റെ വിശദീകരണമനുസരിച്ച്, നിരോധിത പാതയിലൂടെ നീങ്ങിയ കപ്പലുകൾ കടൽബോംബിൽ തട്ടിയതിനെ തുടർന്നാണ് സ്ഫോടനമുണ്ടായത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
