ലൂവ്രെ മ്യൂസിയത്തിലെ കവര്‍ച്ച: രണ്ട് പേര്‍ അറസ്റ്റില്‍; വലയിലായത് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

പാരിസ്: ലൂവ്രെ മ്യൂസിയത്തില്‍ നിന്ന് ആഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വിലയേറിയ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടതിനു പിന്നാലെയാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നത്. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് വിമാനത്താവളത്തിൽ നിന്നും പ്രതികൾ പിടിയിലായതെന്ന് പ്രോസിക്യൂട്ടർ അറിയിച്ചു. മ്യൂസിയത്തിലെ വിലയേറിയ ആഭരണം മോഷ്ടിക്കപ്പെട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കാത്തത് വന്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു.

ഈ മാസം 19 നാണ് ലൂവ്രിന്റെ രണ്ടാംനിലയിലെ ബാല്‍ക്കണിവഴി അപ്പോളോ ഗാലറിയില്‍ കടന്ന മോഷ്ടാക്കള്‍ 10.2 കോടി ഡോളര്‍ (ഏകദേശം 896 കോടിരൂപ) മൂല്യം കണക്കാക്കുന്ന എട്ട് രത്‌നാഭരണങ്ങള്‍ കവര്‍ന്നത്. മോഷണമുതലുകളിലൊന്ന് മ്യൂസിയത്തിനടുത്തുനിന്ന് കിട്ടി.

സുരക്ഷാവീഴ്ച തുറന്നുകാട്ടിയ പകല്‍ക്കൊള്ളയുടെ പശ്ചാത്തലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള ആഭരണങ്ങള്‍ ലൂവ്ര് മ്യൂസിയം അധികൃതര്‍ ബാങ്ക് ഓഫ് ഫ്രാന്‍സിന്റെ ലോക്കറിലേക്കു മാറ്റി. കവര്‍ച്ചനടന്ന അപ്പോളോ ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിരുന്ന രാജഭരണകാലത്തെ ആഭരണങ്ങളാണ് മാറ്റിയതെന്ന് ഫ്രഞ്ച് റേഡിയോയായ ആര്‍ടിഎല്‍ റിപ്പോര്‍ട്ട് ചെയ്തു. ലൂവ്രില്‍നിന്ന് 500 മീറ്റര്‍മാത്രം അകലെയാണ് ബാങ്ക് ഓഫ് ഫ്രാന്‍സ്. ഇവിടെ ഭൂനിരപ്പില്‍നിന്ന് 27 മീറ്റര്‍ ആഴത്തിലുള്ള അറയിലാണ് രാജ്യത്തിന്റെ സ്വര്‍ണശേഖരം സൂക്ഷിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!