കൊച്ചി: കോതമംഗലത്ത് ആറു വയസ്സുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചത് പൊലീസ് സ്റ്റേഷനില്‍ നടത്തിയ ‘മന്ത്രവാദ’ത്തിലൂടെ. ഉള്ളിലുള്ള സാത്താന്‍ തന്നെക്കൊണ്ട് എന്തൊക്കെയോ ചെയ്യിക്കുകയാണെന്നും കുട്ടി എങ്ങനെയാണ് മരിച്ചതെന്ന് ഓര്‍മയില്ലെന്നും രണ്ടാനമ്മ ആവര്‍ത്തിച്ചതോടെയാണ്, പൊലീസ് മന്ത്രവാദിയെ വിളിച്ചു വരുത്തി സ്റ്റേഷനില്‍ മന്ത്രവാദത്തിനു സമാനമായ സാഹചര്യം ഒരുക്കിയതെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു.
നെല്ലിക്കുഴിയില്‍ ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറ് വയസുകാരി മകളെ രണ്ടാനമ്മ കാലപ്പെടുത്തിയ കേസിലാണ് പൊലീസ് അസാധാരണ രീതി പ്രയോഗിച്ചത്. ഉള്ളിലുള്ള സാത്താന്‍ എന്തൊക്കെയോ ചെയ്യിക്കുകയാണെന്നും കുട്ടിയെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ഓര്‍മയില്ലെന്നുമാണ് ചോദ്യം ചെയ്യലില്‍, രണ്ടാനമ്മയായ ഉത്തര്‍പ്രദേശ് സ്വദേശി അനീഷ(32) പൊലീസിനോടു പറഞ്ഞത്. ചോദ്യം ചെയ്യലിനിടയില്‍ പലപ്പോഴും ഉന്മാദ അവസ്ഥയിലാണ് അനീഷയെ കാണാന്‍ കഴിഞ്ഞത്. അനീഷയ്ക്ക് ഇടയ്ക്കിടെ ഉന്മാദാവസ്ഥ വരാറുണ്ടെന്നും ഇരമല്ലൂര്‍ സ്വദേശിയായ നൗഷാദ് എന്ന മന്ത്രവാദിയുടെ ‘ചികിത്സ’യില്‍ ആണെന്നും ഭര്‍ത്താവായ അജാസ് പൊലീസിനോടു പറഞ്ഞു.
പ്രതികള്‍ ഹിന്ദി മാത്രം സംസാരിക്കുന്നതിനാല്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ എറണാകുളം റൂറല്‍ പൊലീസ് മേധാവി വൈഭവ് സക്‌സേനയും ഒപ്പമുണ്ടായിരുന്നു. ദുരാത്മാക്കളില്‍ മുഴുവന്‍ കുറ്റവും കെട്ടിവെച്ച് തങ്ങളെ കബളിപ്പിക്കാനാണ് പ്രതികള്‍ ശ്രമിക്കുന്നതെന്ന് എസ്പിക്ക് മനസിലായി. ഇതോടെ യുവതിയെ ‘ചികിത്സിച്ചിരുന്ന’ നൗഷാദ് എന്ന മന്ത്രവാദിയെ കൊണ്ടുവരാന്‍ പൊലീസ് തീരുമാനിച്ചു. അജാസും അനീഷയും രണ്ടു തവണ തന്നെ സന്ദര്‍ശിച്ചതായി നൗഷാദും പറഞ്ഞു. ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം നൗഷാദ് സ്റ്റേഷനില്‍ തന്നെ മന്ത്രവാദം നടത്തി. കുറച്ച് മന്ത്രങ്ങള്‍ ചൊല്ലി അനീഷയുടെ മുഖത്ത് വെള്ളം തളിച്ചു. ഉടന്‍ തന്നെ അനീഷയുടെ മട്ടും ഭാവവും മാറി. ശബ്ദം മാറി. പെണ്‍കുട്ടിയെ എങ്ങനെയാണ് കൊലപ്പെടുത്തിയതെന്ന് യുവതി വെളിപ്പെടുത്തി. യുവതി കുറ്റം ഏറ്റുപറയുന്നതിന്റെ വിഡിയോ പൊലീസ് ഷൂട്ട് ചെയ്തു. മന്ത്രവാദത്തിന് ശേഷം ദുരാത്മാവ് തന്നെ വിട്ടുപോയെന്ന് അനീഷ അവകാശപ്പെട്ടു. ഒടുവില്‍ പൊലീസ് ഷൂട്ട് ചെയ്ത വിഡിയോ കാണിച്ചതോടെ ഗത്യന്തരമില്ലാതെ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതി ഗര്‍ഭിണിയായതിനാല്‍ ഒരു തരത്തിലുള്ള സമ്മര്‍ദവും നല്‍കാന്‍ കഴിയില്ലെന്നും ദുരാത്മാക്കളെ കുറ്റപ്പെടുത്തി കുറ്റം മറച്ചുവെക്കാന്‍ ശ്രമിക്കുന്നതിനാലാണ് മന്ത്രവാദ രീതി സ്വീകരിച്ചതെന്നും പൊലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമല്ലെന്നും ദുരാത്മാവ് പ്രതിയുടെ ഉള്ളില്‍ ഉണ്ടെന്ന് ശക്തമായി അവള്‍ വിശ്വസിക്കുന്ന സാഹചര്യത്തിലാണ് സത്യം പുറത്തുകൊണ്ടുവരാന്‍ മന്ത്രവാദം തന്നെ പ്രയോഗിച്ചതെന്നും വൈഭവ് പറഞ്ഞു.
അനീഷയുടെ കുറ്റസമ്മതത്തിന് ശേഷം അജാസിനോ നൗഷാദിനോ കുറ്റകൃത്യത്തില്‍ പങ്കില്ലെന്ന് സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ നൗഷാദിനെതിരെ ഡ്രഗ്‌സ് ആന്റ് മാജിക് റെമഡീസ് ആക്ട് പ്രകാരം പ്രത്യേക കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നൗഷാദ് മന്ത്രവാദം നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളുടെ അടുത്ത് ചികിത്സക്കെന്ന രീതിയില്‍ എത്തിയ നിരവധി ആളുകളുടെ ഫോട്ടോകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ആളുകളെ കണ്ടുപിടിച്ച് അവരുടെ മൊഴി രേഖപ്പെടുത്തുമെന്നും എസ്പി പറഞ്ഞു.
നെല്ലിക്കുഴിയില്‍ സ്ഥിര താമസമാക്കിയ ഉത്തര്‍പ്രദേശ് സ്വദേശി അജാസ് ഖാന്റെ ആറു വയസുകാരിയായ മകള്‍ മുസ്‌കാനെ വ്യാഴാഴ്ച രാവിലെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അജാസ് ഖാന്റെ ആദ്യ വിവാഹത്തിലുള്ള കുട്ടിയാണ് മകള്‍ മുസ്‌കാന്‍. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പാണ് അജാസ് ഖാനും കുട്ടിയുടെ അമ്മയും വേര്‍പിരിഞ്ഞത്. തുടര്‍ന്നാണ് അജാസ് ഖാന്‍ അനീഷയെ വിവാഹം കഴിക്കുന്നത്. അനീഷയുടെ രണ്ടാം വിവാഹമാണിത്.