കോട്ടയം : മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ഇന്ന് വിനായകചതുർത്ഥി ആഘോഷം നടക്കുകയാണ്. നാളെ ആറാട്ടോടെ ഉത്സവത്തിന് സമാപനമാകും.
ഇന്ന് പുലർച്ചെ 5.30-ന് മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ 10,008 നാളികേരം ഹോമിക്കുന്ന മഹാഗണപതി ഹോമം നടന്നു. തുടർന്ന് രാവിലെ 8-ന് പഞ്ചരത്ന കീർത്തനാലാപനവും, 10.30-ന് നടക്കുന്ന ഗജപൂജയിലും ആനയൂട്ടിലും 12 ഗജവീരന്മാർ അണിനിരക്കും.
രാവിലെ 11-ന് മഹാഗണപതിഹോമം ദർശനവും, തുടർന്ന് നടക്കുന്ന ശ്രീബലി എഴുന്നള്ളത്തിൽ പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ നൂറ്റിയ്യരിപതിലധികം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം അകമ്പടിയാകും.
ഉച്ചയ്ക്ക് 2.30-ന് ഗണേശമണ്ഡപത്തിൽ തിരുവിഴ ജയശങ്കറിന്റെ നാദസ്വരക്കച്ചേരിയും, തുടർന്ന് കാഴ്ചശ്രീബലിയും വലിയവിളക്കും നടക്കും. മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ പ്രമാണത്തിൽ 120 കലാകാരന്മാർ പാണ്ടിമേളം അവതരിപ്പിക്കും. തൃശൂർ പാറമേക്കാവ് ദേവസ്വത്തിന്റെ നേതൃത്വത്തിൽ കൂടമാറ്റവും നടക്കും.
രാത്രി 10-ന് പള്ളിവേട്ട നടക്കും. ആറാട്ട് ദിനമായ നാളെ വൈകിട്ട് 4.30-ന് കൊടിയിറക്ക്, ആറാട്ട് എന്നിവയും, 6.30-ന് മള്ളിയൂർ ഇല്ലത്ത് ഇറക്കിപൂജയും, തുടർന്ന് ആറാട്ട് സ്വീകരണവും നടക്കും. ഗണേശമണ്ഡപത്തിൽ വൈകിട്ട് 5.30-ന് കോഴിക്കോട് പ്രശാന്ത് വർമ നയിക്കുന്ന നാമസങ്കീർത്തനവും ഉണ്ടായിരിക്കും.
