റഷ്യൻ ഡ്രോൺ ആക്രമണം; ബോറിസ് ജോൺസണും യൂറോപ്യൻ നേതാക്കളും രക്ഷപെട്ടത് നിമിഷങ്ങളുടെ വ്യത്യാസത്തിൽ

കീവ്: റഷ്യൻ ഡ്രോൺ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും സ്വീഡൻ മുൻ പ്രധാനമന്ത്രി കാൾ ബിൽറ്റും ഉൾപ്പെടെയുള്ള മുതിർന്ന യൂറോപ്യൻ നേതാക്കൾ. കീവിൽനിന്ന് പോളണ്ടിലേക്കു ള്ള യാത്രയ്ക്കിടെയാണ് സംഭവം.

ഞായറാഴ്ച പുലർച്ചെയാണ് ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള യൂറോപ്യൻ യൂണിയൻ നേതാക്കൾ റഷ്യൻ ആക്രമണത്തിൽ നിന്നും രക്ഷപെട്ടത്. കീവിൽനിന്ന് വാഴ്സയിലേക്ക് പോകുകയായിരുന്ന പാസഞ്ചർ ട്രെയിനിനെ ലക്ഷ്യമിട്ട് പോളിഷ് അതിർത്തിക്ക് സമീപം റഷ്യ ഡ്രോൺ ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ഇതേ സമയം, തൊട്ടടുത്ത പാളത്തിലൂടെ മറ്റൊരു ചാർട്ടേഡ് ട്രെയിനിൽ ബോറിസ് ജോൺസണും കാൾ ബിൽറ്റും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ സഞ്ചരിക്കുകയായിരുന്നു.

ആക്രമണ വിവരം ലഭിച്ചതോടെ യുക്രെയ്ൻ അധികൃതർ അതിവേഗം ഇടപെട്ടു. നേതാക്കൾ സഞ്ചരിച്ചിരുന്ന ട്രെയിൻ പുലർച്ചെ അഞ്ചോടെ നിർത്തിയശേഷം ബോറിസ് ജോൺസണെ യും കാൾ ബിൽറ്റിനെയും മറ്റ് നേതാക്കളെ യും സുരക്ഷിതമായി ഒഴിപ്പിച്ചു.

കീവിൽ നടന്ന സുപ്രധാന സുരക്ഷാ യോഗത്തിൽ പങ്കെടുത്ത ശേഷമാണ് നേതാക്കൾ പോളണ്ടിലേക്ക് യാത്ര തിരിച്ചത്. തങ്ങൾ സഞ്ചരിച്ച ചാർട്ടേഡ് ട്രെയിൻ കടന്നുപോയതിന് പിന്നാലെയാണ് പാസഞ്ചർ ട്രെയിനിന് നേരെ ആക്രമണമുണ്ടായതെന്ന് കാൾ ബിൽറ്റ് സ്ഥിരീകരിച്ചു.

“ഞങ്ങൾ സഞ്ചരിച്ച ട്രെയിനിനുനേരെയല്ല ആക്രമണം ഉണ്ടായത്. എന്നാൽ പോളിഷ് അതിർത്തി കടന്നതിന് പിന്നാലെ സഞ്ചരിച്ച ട്രെയിനിലാണ് ആക്രമണം നടന്നത്. ഉടൻ എല്ലാവരെയും ട്രെയിനിൽനിന്ന് ഒഴിപ്പിച്ചു. ആർക്കും പരിക്കില്ല. സുരക്ഷാ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിച്ചു,” ബിൽറ്റ് എക്സിൽ കുറിച്ചു.

സംഭവത്തെ രൂക്ഷമായി അപലപിച്ച് ബോറിസ് ജോൺസണും രംഗത്തെത്തി. യുക്രെയ്നിലെ റെയിൽവേ സംവിധാനങ്ങൾക്കുനേരെയുള്ള റഷ്യൻ ആക്രമണങ്ങളെ അദ്ദേഹം വിമർശിച്ചു. യുക്രെയ്ൻ റെയിൽവേയിലെ 1,700 ജീവനക്കാർ റഷ്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ട്രെയിനുകൾക്ക് നേരെ ആക്രമണം നടത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ പ്രേരിപ്പിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ലെന്നും ജോൺസൺ പറഞ്ഞു.

വലിയ ദുരന്തം ഒഴിവായത് ശക്തമായ സുരക്ഷാ ഇടപെടലിലൂടെയാണെന്നാണ് റിപ്പോർട്ടുകൾ. നേതാക്കൾ സഞ്ചരിച്ചിരുന്ന ട്രെയിനും ആക്രമിക്കപ്പെട്ട പാസഞ്ചർ ട്രെയിനും തമ്മിലുള്ള ചെറിയ സമയവ്യത്യാസമാണ് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!