കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗത്തിന് ഇന്ന് കോഴിക്കോട് തുടക്കം കുറിക്കും.
മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം പാർട്ടി ജനറൽ സെക്രട്ടറി എം.എ ബേബി ഉദ്ഘാടനം ചെയ്യും.
അതിനിടെ പിണറായി വിജയനും എംവി ഗോവിന്ദനും അടക്കം പാർട്ടിയിലെ നേതൃനിരയെ ലക്ഷ്യമിട്ട് ഉയരാൻ സാധ്യതയുള്ള വിമർശനങ്ങൾക്ക് നേതൃത്വം തടയിട്ടു. വിശാല സംസ്ഥാന സമിതി യോഗത്തിലെ ചർച്ചയിൽ നിന്ന് സംസ്ഥാന സമിതി അംഗങ്ങളെ മാറ്റിനിർത്തിയാണ് ഈ തടയിടൽ.
പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വർഗ്ഗ ബഹുജന സംഘടനാ പ്രതിനിധികളും മാത്രമാണ് പങ്കെടുക്കുക. സംസ്ഥാന സമിതി അംഗങ്ങളെ ഒഴിവാക്കിയതിലൂടെ നേതൃമാറ്റം ആവശ്യപ്പെടുന്ന ഭൂരിപക്ഷം നേതാക്കളും നിശബ്ദരാക്കപ്പെടും. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കുന്ന റിപ്പോർട്ട് നേരത്തെ നിലവിലെ സംസ്ഥാന സമിതി ചർച്ച ചെയ്‌ത് അംഗീകരിച്ചതാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സമിതി അംഗങ്ങളെ ചർച്ചയിൽ നിന്ന് മാറ്റിനിർത്തിയത്. സിപിഎമ്മിൽ ഒരിക്കൽ അംഗീകരിച്ച റിപ്പോർട്ട് അതേ കമ്മിറ്റിയിൽ വീണ്ടും ചർച്ച ചെയ്യാറില്ല. ഈ പതിവ് മുൻനിർത്തിയാണ് നിയന്ത്രണം.
