ന്യൂഡൽഹി : ഡൽഹിയിൽ നടന്ന ഇന്ത്യ സഖ്യത്തിന്റെ റാലിയിൽ പങ്കെടുക്കണമെന്ന നിർദേശം അവഗണിച്ച യൂത്ത് കോൺഗ്രസ് ഭാരവാഹികൾക്കെതിരെ സംഘടനയുടെ നടപടി.
നവംബർ ഒന്നിന് രാംലീല മൈതാനിയിൽ സംഘടിപ്പിച്ച റാലിയിൽ നിന്ന് വിട്ടുനിന്ന വിവിധ സംസ്ഥാനങ്ങളിലെ 80 ലധികം ഭാരവാഹികളെ സസ്പെൻഡ് ചെയ്തു. വരും ദിവസങ്ങളിൽ നടപടിക്ക് വിധേയരാകുന്നവരുടെ എണ്ണം 500 കടന്നേക്കാമെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.
നിലവിൽ മധ്യപ്രദേശിൽ നിന്നുള്ള 60ഓളം ഭാരവാഹികൾ, കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ നിന്നുള്ള 13 പേർ, ഹരിയാനയിൽ നിന്നുള്ള 10 പേർ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ വിവരങ്ങളും നേതൃത്വം പരിശോധിച്ചുവരികയാണ്.
ദേശീയ, സംസ്ഥാന, ജില്ലാ തലങ്ങളിലെ ഭാരവാഹികൾ റാലിയിലും അതിന് മുന്നോടിയായി സംഘടിപ്പിച്ച മാർച്ചിലും നിർബന്ധമായും പങ്കെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം നേരത്തെ കർശന നിർദേശം നൽകിയിരുന്നു. ഈ നിർദേശം പാലിക്കാത്തവർക്കെതിരെയാണ് ഇപ്പോൾ അച്ചടക്ക നടപടി ആരംഭിച്ചിരിക്കുന്നത്.
