November 5, 2026 Webdesk
മുംബൈ : എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ചതിന് പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് തുടക്കമായി.
ആശുപത്രിവാസത്തിനുശേഷം വിശ്രമിക്കുന്ന 85 കാരനായ പവാറിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ഫോൺവിളി. എന്നാൽ സംഭാഷണത്തിനിടെ സുപ്രിയ സുളെയെക്കുറിച്ച് മോദി നടത്തിയ പരാമർശമാണ് രാഷ്ട്രീയ ശ്രദ്ധ നേടിയത്.
ശരദ് പവാർ പൂർണമായി വിശ്രമിക്കണമെന്നും രാജ്യത്തിന്റെ കാര്യങ്ങൾ നോക്കാൻ സുപ്രിയ സുളെ ഇപ്പോൾ പ്രാപ്തയാണെന്നുമാണ് മോദി പറഞ്ഞതെന്ന് പവാറിന്റെ അടുത്ത അനുയായിയായ വിഠൽ മണിയാർ വെളിപ്പെടുത്തി. സുപ്രിയയും തങ്ങളും ചേർന്ന് രാജ്യത്തിന്റെ കാര്യങ്ങൾ നോക്കിക്കൊള്ളാമെന്നും പവാർ വിശ്രമത്തിൽ ശ്രദ്ധിക്കണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് മണിയാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇതിന് പവാർ നൽകിയ മറുപടിയും മണിയാർ വിശദീകരിച്ചു. എല്ലാവരും ഒപ്പമുള്ളതിനാൽ രാജ്യത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും പ്രധാനമന്ത്രി തന്റെ പ്രവർത്തനങ്ങൾ തുടരണമെന്നുമാണ് പവാർ പറഞ്ഞത്. ആരോഗ്യവിവരങ്ങൾ അന്വേഷിച്ചതിന് മോദിയോട് നന്ദിയും അറിയിച്ചു.
ബുധനാഴ്ച രാവിലെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. എന്നാൽ ഫോൺവിളിയെക്കുറിച്ചോ സംഭാഷണത്തിലെ പരാമർശങ്ങളെക്കുറിച്ചോ പ്രധാനമന്ത്രിയുടെ ഓഫിസോ ശരദ് പവാറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
നവംബർ രണ്ടിനാണ് ചുമയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ശരദ് പവാറിനെ പൂണെയിലെ റൂബി ഹാൾ ക്ലിനിക്കിൽ പ്രവേശിപ്പിച്ചത്. മഹാരാഷ്ട്രയിലെ വരൾച്ച ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു പിന്നാലെയായിരുന്നു ആശുപത്രിവാസം. പവാറിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകൾ സുപ്രിയ സുളെ നേരത്തെ അറിയിച്ചിരുന്നു.
അതേസമയം, മോദിയുടെ ഫോൺവിളിയിലെ സുപ്രിയയെക്കുറിച്ചുള്ള പരാമർശം എൻസിപിയിലെ രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വീണ്ടും ജീവൻ നൽകിയിട്ടുണ്ട്. ശരദ് പവാറിന്റെയും അജിത് പവാറിന്റെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ ഒന്നിക്കുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. സുപ്രിയ സുളെ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിനൊപ്പം പ്രചരിക്കുന്നുണ്ട്.
*ജനുവരിയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ മരിച്ചതിനുശേഷം എൻസിപിയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച ചർച്ചകൾ ശക്തമായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും പാർട്ടിയുടെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ലയന ചർച്ചകൾക്ക് പുരോഗതിയുണ്ടായില്ല. നിലവിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിന്റെ പ്രധാന നേതാക്കളിലൊരാളാണ് സുപ്രിയ സുളെ. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പരാമർശം പുതിയ രാഷ്ട്രീയ സാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
