November 5, 2026 Webdesk
വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കായി കോടികൾ ചെലവഴിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ ഇലോൺ മസ്ക്.
പാർട്ടിയുടെ സ്ഥാനാർഥികളുടെ വിജയത്തിനായി ഏകദേശം 500 മില്യൺ ഡോളർ (4,700 കോടി രൂപയോളം) ചെലവഴിച്ചെങ്കിലും തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾ യുഎസ് കോൺഗ്രസിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നേടിയതോടെ മസ്കിന്റെ രാഷ്ട്രീയ ഇടപെടലുകൾ തിരിച്ചടിയായി.
ഒരു വ്യക്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിച്ച ഏറ്റവും വലിയ തുകകളിലൊന്നാണ് മസ്കിന്റേതെന്നാണ് റിപ്പോർട്ടുകൾ. സ്വന്തം സംസ്ഥാനമായ ടെക്സാസ് ഉൾപ്പെടെ കൻസാസ്, സൗത്ത് കരോലിന, നോർത്ത് കരോലിന, ഒഹായോ തുടങ്ങിയ നിർണായക മേഖലകളിലും റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് പരാജയം നേരിട്ടു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ സ്വന്തം പരാജയത്തെ പരിഹസിച്ചുകൊണ്ട് മസ്ക് എക്സിൽ രംഗത്തെത്തി.
‘‘തിരഞ്ഞെടുപ്പിൽ ഇടപെടാൻ ഞാൻ പ്രയോഗിച്ച ബഹിരാകാശ ലേസറുകൾ ഇത്തവണ ഫലിച്ചില്ലെന്ന് തോന്നുന്നു’’ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസക്കുറിപ്പ്.
വ്യവസായ രംഗത്തും മസ്കിന് തിരിച്ചടിയുണ്ടായി. ടെക്സാസിൽ ഡാറ്റാ സെന്ററുകളുടെ വിപുലീകരണത്തെ എതിർത്ത ഡെമോക്രാറ്റിക് സ്ഥാനാർഥി ജിന ഹിനോജോസയുടെ വിജയമാണ് ഇതിന് കാരണം. ഡാറ്റാ സെന്റർ പദ്ധതികൾക്ക് രാഷ്ട്രീയ പിന്തുണ ലഭിക്കുമെന്ന മസ്കിന്റെ പ്രതീക്ഷകൾക്കും ഇത് തിരിച്ചടിയായി.ഇതോടെ ഡാറ്റാ സെന്ററുകൾ ഭൂമിയിൽ സ്ഥാപിക്കുന്നതിന് പകരം ബഹിരാകാശത്ത് സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്ന പരിഹാസവും മസ്ക് പങ്കുവച്ചു.
തിരഞ്ഞെടുപ്പിൽ കോടികൾ മുടക്കിയിട്ടും രാഷ്ട്രീയ നേട്ടമുണ്ടാക്കാനാകാത്തതും വ്യവസായ പദ്ധതികൾക്ക് വെല്ലുവിളി ഉയരുന്നതും മസ്കിന് ഇരട്ട പ്രഹരമായി.
