മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പരിശോധനയ്ക്കിടെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ആർപി മാളിലെ തിയേറ്റർ ഉടമയ്ക്ക് നോട്ടീസ്

കൊല്ലം : മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലെ പരിശോധനയ്ക്കിടെ ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് കൊല്ലം ആർപി മാളിലെ തിയേറ്റർ ഉടമയ്ക്ക് നോട്ടീസ്. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ സംയുക്തമായാണ് നടപടി സ്വീകരിച്ചത്. പോപ്‌കോൺ വിൽപനയിൽ തൂക്കം രേഖപ്പെടുത്താത്തതിനും കഫറ്റീരിയയിലെ വൃത്തിഹീനമായ സാഹചര്യം ചൂണ്ടിക്കാട്ടിയുമാണ് നോട്ടീസ് നൽകിയത്. പരിശോധനയിൽ കഫറ്റീരിയയിൽ നിന്ന് മൂന്ന് ദിവസം പഴക്കമുള്ള കാലാവധി കഴിഞ്ഞ പാൽ പിടിച്ചെടുത്തു.

ഭക്ഷ്യസാധനങ്ങൾ സൂക്ഷിച്ചിരുന്ന ഫ്രീസറിനും മതിയായ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഐസ്‌ക്രീം ഉൾപ്പെടെയുള്ള ഭക്ഷ്യസാധനങ്ങൾ തുറന്ന നിലയിലാണ് സൂക്ഷിച്ചിരുന്നത്. ഇവയിൽ മുടിയും പ്രാണികളും വീണ നിലയിലായിരുന്നുവെന്നും ഉദ്യോഗസ്ഥർ കണ്ടെത്തി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംയുക്ത സംഘമാണ് സംസ്ഥാനത്തെ വിവിധ തിയേറ്ററുകളിൽ പരിശോധന നടത്തുന്നത്. മൾട്ടിപ്ലക്‌സുകളിൽ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് പരിശോധന വ്യാപകമാക്കിയത്.

വില, തൂക്കം, വിലവിവരപ്പട്ടിക, അളവുതൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. കൊല്ലത്ത് കൊട്ടിയം ഉൾപ്പെടെയുള്ള തിയേറ്ററുകളിലും പരിശോധന തുടരുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പരിശോധന നടക്കുന്നുണ്ട്.

നേരത്തെ തിരുവനന്തപുരം, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലെ മൾട്ടിപ്ലക്‌സ് തിയേറ്ററുകളിലും പരിശോധന നടത്തിയിരുന്നു. പാക്ക് ചെയ്ത ഭക്ഷ്യസാധനങ്ങളുടെ കാര്യത്തിൽ എംആർപിയേക്കാൾ അധികം തുക ഈടാക്കുകയോ പാക്കറ്റിൽ രേഖപ്പെടുത്തിയ സ്റ്റാൻഡേർഡ് അളവിൽ വ്യത്യാസം വരുത്തുകയോ ചെയ്താൽ ലീഗൽ മെട്രോളജി വകുപ്പിന് നടപടി സ്വീകരിക്കാം. വിലവിവരപ്പട്ടിക പ്രദർശിപ്പിച്ചിട്ടുണ്ടോ, അധിക വില ഈടാക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!