വീടിനു പുറത്തെ മദ്യപാനവും ബഹളവും ചോദ്യം ചെയ്തു; സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: അപാർട്മെന്റിന് പുറത്ത് മദ്യപിച്ച് ബഹളം വച്ചത് ചോദ്യം ചെയ്ത മണിപ്പുരി സംഗീതജ്ഞനെ സംഘം ചേർന്ന് മർദിച്ച് കൊലപ്പെടുത്തി. കിലോകരി ഗ്രാമത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഞെട്ടിക്കുന്ന സംഭവം. മണിപ്പുർ സ്വദേശിയായ 54കാരൻ സി. വിക്രം സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഡെലിവറി ജീവനക്കാരും ധാബയിലെ തൊഴിലാളികളും ഉൾപ്പെടുന്ന സംഘമാണ് വിക്രം സിങ്ങിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. മർദനത്തിന് പിന്നാലെ പ്രതികൾ പടികൾ ഇറങ്ങി പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

വർഷങ്ങളായി കിലോകരി ഗ്രാമത്തിലാണ് വിക്രം സിങ് താമസിച്ചിരുന്നത്. വീടിന് സമീപം ഒരു സംഘം ആളുകൾ ബഹളമുണ്ടാക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ സിങ്ങിനെ മകൻ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിന് പുറത്തുണ്ടായിരുന്ന ശല്യവും മദ്യപാനവും ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. മെയ്തേയ് സമുദായാംഗമായ വിക്രം സിങ്ങിനെതിരായ ആക്രമണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും കൊലപാതകത്തിന്റെ മറ്റ് വശങ്ങളും അന്വേഷിച്ചുവരികയാണ് പൊലീസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!