കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വരാനിരിക്കുന്ന ദുർഗ്ഗാ പൂജ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളും കർശന നിർദ്ദേശങ്ങളും പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.
പൂജ ദിനങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായ മഹാഅഷ്ടമിയിൽ സംസ്ഥാനത്തുടനീളം മദ്യവിൽപ്പന പൂർണ്ണമായി നിരോധിക്കാൻ തീരുമാനിച്ചു. അന്നേ ദിവസം മദ്യശാലകളും ബാറുകളും അടഞ്ഞുകിടക്കുമെന്നും ഭക്തർ മാതാ ദുർഗ്ഗയ്ക്ക് അഞ്ജലി അർപ്പിക്കുന്ന പവിത്രമായ ദിനത്തിൽ മദ്യം ലഭ്യമാകില്ലെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു.
കൊൽക്കത്തയിലെ മിലൻ മേള പ്രാംഗണത്തിൽ ചേർന്ന വിവിധ പൂജ കമ്മിറ്റികളുടെ ഏകോപന യോഗത്തിലാണ് ഈ നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായത്.
ആഘോഷങ്ങൾക്കും വിഗ്രഹ നിമഞ്ജന ഘോഷയാത്രകൾക്കും ഉച്ചഭാഷിണികളും ഡിജെ സൗണ്ട് സിസ്റ്റങ്ങളും ഉപയോഗിക്കുന്നതിനും സർക്കാർ പൂർണ്ണ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പരമ്പരാഗത രീതികളും ആചാരങ്ങളും നിലനിർത്തിക്കൊണ്ട് ശാന്തവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ ആഘോഷങ്ങൾ നടത്താനാണ് ഈ നടപടി.
സനാതന ധർമ്മ വിശ്വാസങ്ങളെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്ന തരത്തിലുള്ള പ്രമേയങ്ങളോ പന്തലുകളോ നിർമ്മിക്കരുതെന്ന് പൂജ സംഘാടകർക്ക് കടുത്ത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാതൃപക്ഷത്തിന് മുൻപായി പന്തലുകളുടെ ഉദ്ഘാടനം നടത്താൻ അനുവദിക്കില്ലെന്നും നിർദ്ദേശത്തിലുണ്ട്.
ഗതാഗത തടസ്സങ്ങൾ ഒഴിവാക്കാൻ ദേശീയ പാതകളിലോ പ്രധാന റോഡുകളിലോ പന്തലുകൾ നിർമ്മിക്കുന്നത് തടഞ്ഞിട്ടുണ്ട്. കൊൽക്കത്തയിലെ പ്രധാനപ്പെട്ട പതിമൂന്ന് റോഡുകളിൽ പൂജയുമായി ബന്ധപ്പെട്ട തടസ്സങ്ങൾ പാടില്ലെന്ന് നിർദ്ദേശമുണ്ട്. അതേസമയം കൊജാകരി ലക്ഷ്മി പൂജയ്ക്ക് മുൻപായി വിഗ്രഹ വിസർജന നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഓരോ പൂജ കമ്മിറ്റിക്കും ഒരു ലക്ഷം രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്നും എന്നാൽ സാമ്പത്തികശേഷിയുള്ള വലിയ കമ്മിറ്റികൾ ഈ ആനുകൂല്യം ഒഴിവാക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു.
