ജയ്പുർ : പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ പഞ്ചാബ് സ്വദേശി രാജസ്ഥാനിൽ അറസ്റ്റിലായി. ഫിറോസ്പൂർ നിവാസിയായ പ്രകാശ് സിംഗ് എന്ന ബാദലിനെ (34) രാജസ്ഥാൻ സിഐഡി (ഇന്റലിജൻസ്) ആണ് അറസ്റ്റ് ചെയ്തത്. പാകിസ്താൻ ഹാൻഡ്‌ലർമാർക്ക് വേണ്ടി ഇന്ത്യൻ വാട്സ്ആപ്പ് അക്കൗണ്ടുകൾ സൃഷ്ടിച്ചു നൽകിയത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് ഇയാൾ ചെയ്തത്.
ഇന്ത്യൻ സൈന്യത്തിന്റെ ഇൻസ്റ്റാളേഷനുകളെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ശേഖരിച്ച് പാകിസ്ഥാൻ ഹാൻഡ്‌ലറുമായി പ്രതി പങ്കുവെച്ചതായി പോലീസ് വ്യക്തമാക്കി.
ഗംഗാനഗർ ജില്ലയിലെ ഒരു സൈനിക സ്ഥാപനത്തിന് സമീപം വെച്ചാണ് ബാദലിനെ കസ്റ്റഡിയിലെടുത്തത്. 1923 ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം ആണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രകാശ് സിംഗ് സോഷ്യൽ മീഡിയ വഴി പാകിസ്താൻ ചാര സംഘടനയായ ഐഎസ്‌ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായതായി അന്വേഷണസംഘം അറിയിച്ചു. രാജസ്ഥാൻ, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ഇയാൾ ഒരു പാകിസ്താൻ ഹാൻഡ്‌ലർക്ക് അയച്ചുകൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞദിവസം സദുൽവാലി സൈനിക സ്റ്റേഷന് സമീപം വെച്ച് സിംഗിനെ സുരക്ഷാസേന തടഞ്ഞ് പരിശോധിച്ചു. ഒരു ബോർഡർ ഇന്റലിജൻസ് സംഘം ഇയാളെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ മൊബൈൽ ഫോണിന്റെ പ്രാഥമിക സ്കാനിൽ വിദേശ, പാകിസ്താൻ വാട്ട്‌സ്ആപ്പ് നമ്പറുകളുമായി ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു.
