ഷാർജ: ഭാര്യയും കുടുംബാംഗങ്ങളും ആഭിചാരക്രിയകളിലും അന്ധവിശ്വാസങ്ങളിലും മുഴുകിയതിനെ തുടർന്ന് കുടുംബജീവിതം തകർന്നെന്ന ഭർത്താവിന്റെ പരാതിയിൽ വിവാഹബന്ധം വേർപ്പെടുത്തി ഷാർജ ശരീഅത്ത് കോടതി. കുട്ടികളുടെ ക്ഷേമം മുൻനിർത്തി രണ്ട് മക്കളുടെയും സംരക്ഷണാവകാശം പിതാവിന് നൽകാനും കോടതി ഉത്തരവിട്ടു. ഭാര്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന ജീവനാംശം ഉൾപ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങളും കോടതി റദ്ദാക്കി.
ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും ആഭിചാരക്രിയകൾ കുടുംബത്തിലെ സമാധാനം ഇല്ലാതാക്കിയെന്നായിരുന്നു ഭർത്താവിന്റെ പ്രധാന ആരോപണം. നേരത്തെ മറ്റൊരു കേസിന്റെ വിചാരണയ്ക്കിടെ ഭാര്യ നടത്തിയ മൊഴിയും അദ്ദേഹം തെളിവായി കോടതിയിൽ ഹാജരാക്കി. ‘ഹംറൂഷ്’ എന്ന ജിന്നിന്റെ സഹായത്തോടെ അമ്മവഴിയുള്ള അമ്മാവൻ തന്റെ രോഗം ഭേദപ്പെടുത്തിയതായി ഭാര്യ അന്ന് മൊഴി നൽകിയിരുന്നു.
കുട്ടികളെയും ബാധിച്ചെന്ന് ആരോപണം
ഭാര്യയുടെ അന്ധവിശ്വാസപരമായ രീതികൾ മക്കളുടെ മാനസികാരോഗ്യത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിച്ചെന്നായിരുന്നു ഭർത്താവിന്റെ മറ്റൊരു വാദം. അമ്മ ബന്ധപ്പെടുന്നതായി പറയുന്ന ജിന്നിന്റെ പേര് പോലും കുട്ടികൾക്ക് അറിയാമായിരുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
തുടർന്ന് കുട്ടികളിൽ ഇരുട്ടിനോടുള്ള ഭയം, ഉറക്കത്തിൽ പല്ലുകടിക്കുക, വിരൽ കടിക്കുക, കിടക്കയിൽ മൂത്രമൊഴിക്കുക തുടങ്ങിയ പെരുമാറ്റ വ്യതിയാനങ്ങൾ പ്രകടമായെന്നും ഭർത്താവ് ആരോപിച്ചു. ഇത്തരം സാഹചര്യങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെയും സാമൂഹിക വളർച്ചയെയും ബാധിക്കുമെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
ഇരുപക്ഷത്തിന്റെയും വാദങ്ങളും ലഭ്യമായ രേഖകളും പരിശോധിച്ച ശേഷമാണ് ഷാർജ പ്രാഥമിക കോടതി വിവാഹബന്ധം വേർപ്പെടുത്തിയത്. ദാമ്പത്യജീവിതത്തിലെ ഉപദ്രവവും ബുദ്ധിമുട്ടുകളും ഒരു പ്രത്യേക രീതിയിൽ മാത്രം നിർവചിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. കുടുംബത്തിന്റെ പശ്ചാത്തലവും സാഹചര്യങ്ങളും വിലയിരുത്തിയപ്പോൾ ദമ്പതികൾക്ക് ഇനി ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത തരത്തിൽ ബന്ധത്തിൽ ഗുരുതരമായ വിള്ളൽ സംഭവിച്ചതായി കോടതി കണ്ടെത്തുകയായിരുന്നു.
കുട്ടികളുടെ ക്ഷേമത്തിന് മുൻഗണന
സംരക്ഷണാവകാശം സംബന്ധിച്ച തീരുമാനത്തിൽ കുട്ടികളുടെ ഭാവിക്കും ക്ഷേമത്തിനുമാണ് കോടതി പ്രധാന പരിഗണന നൽകിയത്. ആഭിചാരക്രിയകളുമായി ബന്ധപ്പെട്ട അന്തരീക്ഷത്തിൽ കുട്ടികൾ വളരുന്നത് അവരുടെ താൽപര്യങ്ങൾക്ക് അനുയോജ്യമല്ലെന്ന് കോടതി വിലയിരുത്തി.
ഇതോടെയാണ് രണ്ട് മക്കളുടെയും സംരക്ഷണാവകാശം അമ്മയിൽനിന്ന് മാറ്റി പിതാവിന് നൽകാൻ ഉത്തരവിട്ടത്. കുട്ടികളെ ഉടൻ പിതാവിന് കൈമാറണമെന്നും കോടതി നിർദേശിച്ചു.
ഭാര്യയ്ക്ക് ലഭിക്കേണ്ടിയിരുന്ന ജീവനാംശവും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും റദ്ദാക്കിയ കോടതി, കോടതിച്ചെലവുകൾക്കൊപ്പം 5,000 ദിർഹം അഭിഭാഷക ഫീസും ഭാര്യ തന്നെ വഹിക്കണമെന്നും ഉത്തരവിട്ടു.
