തിരുവനന്തപുരം: സ്ത്രീകളുടെ സാമൂഹിക ഇടപെടലുമായി ബന്ധപ്പെട്ട കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശങ്ങളെ തള്ളി പാളയം ഇമാം വി.പി. സുഹൈബ് മൗലവി. ഇസ്ലാമിൽ സ്ത്രീകൾക്ക് പുറത്തിറങ്ങുന്നതിനോ സമൂഹത്തിൽ പ്രവർത്തിക്കുന്നതിനോ വിലക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിൽ യാതൊരു തരത്തിലുള്ള ലിംഗവിവേചനവും അംഗീകരിക്കുന്നി ല്ലെന്നും പാളയം ഇമാം പറഞ്ഞു.
സ്ത്രീകൾക്ക് മേൽ അനാവശ്യ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യമില്ല. ആവശ്യമായ സൂക്ഷ്മതകൾ പാലിച്ചുകൊണ്ട് സ്ത്രീകൾ സമൂഹത്തിൽ സജീവമായി ഇടപെടുന്നതാണ് ഇസ്ലാം മുന്നോട്ടുവയ്ക്കുന്ന ശരിയായ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് സ്വഹാബിമാരുടെ കാലത്തെ ഇസ്ലാമിക പാരമ്പര്യം തന്നെ തെളിവാണെന്നും സുഹൈബ് മൗലവി ചൂണ്ടിക്കാട്ടി. അക്കാലത്ത് സ്ത്രീകൾ സാമൂഹിക ജീവിതത്തിൽ സജീവമായി പങ്കെടുത്തിരുന്നു. എന്നാൽ പിന്നീട് രൂപപ്പെട്ട ചില യാഥാസ്ഥിതിക കൂട്ടായ്മകളാണ് സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങളും വിലക്കുകളും കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കാന്തപുരത്തിന്റെ പ്രസ്താവനക്കെതിരെ വിവിധ മേഖലകളിൽ നിന്ന് വിമർശനം ശക്തമാകുകയാണ്. സമുദായത്തിനുള്ളിൽ തന്നെ പ്രസ്താവനയോട് വിയോജിപ്പുണ്ടെന്ന് ജമാഅത്തെ ഇസ്ലാമി വ്യക്തമാക്കി. മുജാഹിദ് സംഘടനയായ ഐ.എസ്.എമ്മും കാന്തപുരത്തിന്റെ നിലപാടിനെതിരെ രംഗത്തെത്തി.
സ്ത്രീകളെ പിന്നോട്ടടിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന് സി.പി.എം. നേതാവ് എൻ. ഷംസീറും വിമർശിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ലിംഗസമത്വം അംഗീകരിക്കാൻ കാന്തപുരം തയ്യാറാകണമെന്നും ഷംസീർ ആവശ്യപ്പെട്ടു.
